kozhikode local

ഫോര്‍ ഫലസ്തീന്‍ ഫ്രീഡം ജാഥയ്ക്ക്  നഗരത്തിന്റെ അഭിവാദ്യങ്ങള്‍

കോഴിക്കോട്: ഫലസ്തീന്‍ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടവും, ഇന്ത്യയിലെ ഫാഷിസ്റ്റ് അധികാര പ്രയോഗങ്ങളും സമന്വയിക്കുന്ന ഇന്തോ-ഫലസ്തീന്‍ നാടകസംഘത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് കോഴിക്കോട് നഗരത്തിന്റെ ചൂടുള്ള അഭിവാദ്യങ്ങള്‍. ഫോര്‍ ഫലസ്തീന്‍ ഫ്രീഡം ജാഥയ്ക്ക് ടാഗോര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തിലാണ് പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ജീവിതം ഇതിവൃത്തമായ ഹമീസ സമിത എന്ന നാടകത്തിനും കാണികള്‍ ആരവം മുഴക്കി ഐക്യം പറഞ്ഞത്. ഫലസ്തീന്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപിലെ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ദി ഫ്രീഡം തിയറ്ററും, ഡല്‍ഹിയില്‍ സഫ്ദര്‍ ഹഷ്മിയുടെ മുന്‍കൈയ്യില്‍ രൂപീകൃതമായ ജനനാട്യ മഞ്ചും സംയുക്തമായാണ് നടകം ഒരുക്കിയത്. അറബിയും ഹിന്ദിയും ഇടകലരുന്ന നാടകം, തോല്‍പ്പാവ സങ്കേതത്തെക്കൂടി സാംശീകരിക്കുന്നു.
ഫലസ്തീന്റെ സാമൂഹിക സാഹചര്യവും, ഇന്ത്യന്‍ പശ്ചാത്തലവും ഇഴപിരിയുന്ന നാടകം അധിനിവേശങ്ങളുടെ അകത്തള സഖ്യങ്ങളുടെ താല്‍പ്പര്യങ്ങളേയും തുറന്നുകാട്ടുന്നു.
കുട്ടികള്‍ക്കുമാത്രമായി ശ്മശാനം സജ്ജീകരിച്ചിട്ടുള്ള ലോകത്തിലെ ഏകരാജ്യമായ ഫലസ്തീനിലെ ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാവയാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. ഒരു നാടിന്റെ വികാര വിചാരങ്ങളേയും പ്രതിഷേധങ്ങളേയും പോരാട്ട വീര്യത്തേയും ഈ പാവയിലൂടെ അവതരിപ്പിക്കുന്നു. എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതത്തില്‍ നിന്നാണ് നാടകം ചലിച്ചു തുടങ്ങുന്നത്.
നാടിന്റെ പച്ചപ്പുതപ്പായ ഒലീവ് മരവും, നീക്കിയിരിപ്പിന്റേയും സൂക്ഷിപ്പിന്റേയും പ്രതീകമായ ട്രങ്ക് പെട്ടിയും, പാരതന്ത്ര്യങ്ങളുടെ അവസാന ചിഹ്നമായ താക്കോലുമാണ് ഫലസ്തീന്‍ ജനതയുടെ പലായനങ്ങളെ അനുഗമിക്കുന്നത്. നാടകത്തില്‍ ഇവ ആവര്‍ത്തിച്ച് കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. ഒരിക്കലും അണിയാനാവാതെ പെട്ടിയില്‍ ഒളിച്ചുവെച്ച കുട്ടികളുടെ ഷാളും, ഒലീവ് ഇലയും പെട്ടിയിലാക്കി വീട്പൂട്ടി ഓടി രക്ഷപ്പെടുന്ന നിസ്സഹായരായ ജനത. അവരോട് അധിനിവേശ ശക്തികള്‍ ആദ്യമായി ആവശ്യപ്പെടുന്നത് ഭൂമിയാണ്. പിന്നീട് ഓരോന്നോരോന്നായി പിടിച്ചടക്കുന്നവര്‍, ഒരു ജനതയെ ഒന്നാകെ ഉന്‍മൂലനം ചെയ്ത് കൃത്രിമമായ രാജ്യം നിര്‍മിക്കുന്നതിന്റെ അനുഭവങ്ങളെയാണ് ഫലസ്തീന്‍ കലാകാരന്‍മാര്‍ നാടകത്തില്‍ പറഞ്ഞുറപ്പിക്കുന്നത്.
ഒബാമയും നരേന്ദ്ര മോദിയും, നെതന്യാഹുവും തമ്മിലെ വാണിജ്യ ചര്‍ച്ചകളും പരസ്പര പ്രണയവും ഫലസ്തീന്‍-ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളുടെ വിപണിസത്യങ്ങളെ നാടകത്തിലൂടെ വെളിവാക്കുന്നു. അമേരിക്കയുടെ ഇംഗിതങ്ങള്‍ക്ക് നട്ടെല്ലുവളച്ച് ഇന്ത്യയും ഇസ്രായേലും. ജനതയേയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളേയും മറന്ന് ഇവര്‍ പരസ്പരം ചുംബിക്കുമ്പോള്‍ പരിഹാസത്തിന്റെ പാരമ്യത്തിലേക്ക് നാടകത്തിന്റെ രാഷ്ട്രീയം വികസിക്കുന്നു. ഇന്ത്യയിലെ സംഘപരിവാരങ്ങളും, ഫലസ്തീനിലെ സയണിസവും സഖ്യശക്തികളെന്ന് നാടകം വിളിച്ചുപറയുന്നു.
അനഭിമതരായ ജനതയുടെ പൗരത്വവും സ്വത്വവും ഇല്ലാതാക്കുന്ന പ്രത്യയശാസ്ത്ര കൂട്ടുകെട്ടിനെ സരസമായി വെളിപ്പെടുത്തുന്നു നാടകം. ആഗോള മൂലധന താല്‍പ്പര്യങ്ങളുടെ പാറ്റന്‍ടാങ്കുകളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിടുകതന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച് നാടകം അവസാനിക്കുമ്പോള്‍, ഫലസ്തീന്‍ ജനതയുടെ ആത്മവീര്യം ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് സംക്രമിക്കുന്നു. ഫലസ്തീനിലെ ദി ഫ്രീഡം തിയ്യറ്ററിലെ ഫൈസല്‍ അബു അല്‍ ഫൈജയാണ് നാടകത്തിന്റെ സംവിധായകന്‍. ഇന്ത്യയിലെ തിരഞ്ഞെടുത്ത പത്ത് നഗരങ്ങളിലാണ് ഫ്രീഡം ജാഥ പ്രതിരോധ നാടകം അവതരിപ്പിക്കുന്നത്.
ടാഗോര്‍ ഹാളില്‍ കേളു ഏട്ടന്‍ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഫ്രീഡം ജാഥയ്ക്ക് സ്വീകരണം നല്‍കിയത്.
Next Story

RELATED STORIES

Share it