ഫോര്‍മുലവണ്‍ കിരീടം ഹാമില്‍റ്റന്‍ നിലനിര്‍ത്തി

ഓസ്റ്റിന്‍: ഫോര്‍മുലവണ്‍ ലോകകിരീടം തുടര്‍ച്ചയായ രണ്ടാം തവണയും മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റന്‍ സ്വന്തമാക്കി. ഇന്നലെ നടന്ന യുഎസ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ചാംപ്യനായതോടെയാണ് സീസണിലെ മൂന്ന് ഗ്രാന്റ് പ്രിക്‌സുകള്‍ ബാക്കിനില്‍ക്കേ 30 കാരനായ ഹാമില്‍റ്റന്‍ ലോക ചാംപ്യന്‍പട്ടം ഉറപ്പിച്ചത്.
327 പോയിന്റാണ് സീസണില്‍ ഇതുവരെ ഹാമില്‍റ്റന്‍ സ്വന്തമാക്കിയത്. 251 പോയിന്റുള്ള ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും 247 പോയിന്റുള്ള മെഴ്‌സിഡസിന്റെ തന്നെ നികോ റോസ്ബര്‍ഗും ഇനിയുള്ള മൂന്ന് ഗ്രാന്റ് പ്രിക്‌സുകളില്‍ ജയിച്ചാലും ഒന്നാംസ്ഥാനത്തെത്താനാവില്ല. ഇതോടെയാണ് കരിയറില്‍ മൂന്നാം തവണയും ഹാമില്‍റ്റന്‍ ലോക ചാംപ്യനായി അവരോധിക്കപ്പെട്ടത്. 2008ലാണ് ഇതിന് മുമ്പ് ഹാമില്‍റ്റന്‍ ഫോര്‍മുലവണ്‍ കിരീടം നേടിയത്.
ഹാമില്‍റ്റന്റെ കിരീട ധാരണം തടയുകയെന്ന ലക്ഷ്യത്തോടെ യുഎസ് ഗ്രാന്റ് പ്രിക്‌സിനിറങ്ങിയ റോസ്ബര്‍ഗിനും വെറ്റലിനും രണ്ടും മൂന്നും സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു. ഇതോടെ വിജയിക്ക് ലഭിക്കുന്ന 25 പോയിന്റ് കൂടി തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത് ഹാമില്‍റ്റന്‍ ഒരിക്കല്‍ കൂടി വേഗതയുടെ രാജകുമാരനായി അവരോധിക്കപ്പെട്ടു.
Next Story

RELATED STORIES

Share it