ernakulam local

ഫോര്‍ട്ട് ക്യൂന്‍ ഓട്ടം തുടങ്ങി; ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രാക്ലേശം രൂക്ഷം

മട്ടാഞ്ചേരി: പണിതീര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നടത്തിപ്പ് ചുമതല സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍വീസ് ആരംഭിക്കാന്‍ കഴിയാതിരുന്ന ഫോര്‍ട്ട് ക്യൂന്‍ ബോട്ട് ഒടുവില്‍ ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ ഓടി തുടങ്ങി. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കിന്‍കോയെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് നഗരസഭയുടെ പഌന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ബോട്ട് ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചത്. റോ റോ വെസ്സലുകള്‍ക്ക് വേണ്ടി മൂറിങ് സംവിധാനം നിര്‍മിക്കുന്നതിന് ജങ്കാര്‍ സര്‍വീസ് അവസാനിപ്പിച്ചതും ഫോര്‍ട്ട് ക്യൂനിന്റെ വരവിന് കാരണമായി. 150 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സൗകര്യമുള്ള ഇരട്ട എഞ്ചിനുള്ള  ബോട്ടാണിത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ മേയര്‍ സൗമിനി ജയിനും കൗണ്‍സിലര്‍മാരും യാത്ര ചെയ്താണ് ബോട്ടിന്റെ ഔപചാരികമായ ഉദഘാടനം നിര്‍വഹിച്ചത്. ഫോര്‍ട്ട്‌കൊച്ചി ജെട്ടിയിലെത്തിയ മേയറും സംഘവും ടിക്കറ്റെടുത്താണ് ബോട്ടില്‍ യാത്ര ചെയ്തത്. മേയര്‍ക്ക് പുറമേ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ബി സാബു, ഷൈനി മാത്യൂ, പി എം ഹാരിസ്, കൗണ്‍സിലര്‍മാരായ ടി കെ അഷറഫ്, സീനത്ത് റഷീദ്, ഷമീന ടീച്ചര്‍, ഷീബാ ലാല്‍, ജലജ മണി, ഹേമ പ്രഹഌദന്‍, ഗ്രേസി ജോസഫ് തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു. അതേസമയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ യാത്രാക്ലേശം രൂക്ഷമായി. വിദ്യാര്‍ഥികളും ജോലിക്കാരും ജീവനക്കാരുമുള്‍പ്പെടെയുള്ളവര്‍ വലയുന്ന സാഹചര്യമാണ്. പുതുവല്‍സരാഘോഷവും ടൂറിസം സീസണും ആരംഭിച്ച പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുള്ളത്. വാഹനങ്ങളുമായി അക്കരെയിക്കരെ എത്തേണ്ടവര്‍ ഇപ്പോള്‍ നഗരം ചുറ്റി കറങ്ങേണ്ട അവസ്ഥയിലാണ്. റോ റോ ജെട്ടിക്കായുള്ള മൂറിങ് ജോലികള്‍ ഉടന്‍ തുടങ്ങും. നിലവിലുള്ള പാപ്പി ബോട്ടും യാത്രാക്ലേശം കണക്കിലെടുത്ത് കുറച്ച് നാളത്തേക്ക് സര്‍വീസ് തുടരണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it