ഫോര്‍ട്ട് കൊച്ചി ഹോംസ്റ്റേ പീഡനം; പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ അറസ്റ്റില്‍

മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചിയിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഹോംസ്റ്റേയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറുടെ മകനാണ്. പ്രതികള്‍ രണ്ട് പേരും കോളജ് വിദ്യാര്‍ഥികളാണെന്നും സൂചനയുണ്ട്.
നേരത്തേ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അല്‍ത്താഫാണ് ഈ കേസിലും ഒന്നാം പ്രതി. അല്‍ത്താഫ് പള്ളുരുത്തി സ്വദേശിനിയായ ഡിഗ്രി വിദ്യാര്‍ഥിനിയെ സ്‌നേഹം നടിച്ച് ഹോംസ്റ്റേയിലെത്തിക്കുകയും മൂവരും ചേര്‍ന്ന് അതിക്രൂരമായി പീഡനത്തിനിരയാക്കുകയുമായിരുന്നു. നേരത്തേ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അല്‍ത്താഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കേസിന്റെ ചുരുളഴിയുന്നത്.
അറസ്റ്റിലായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നില്‍ പോലിസിന്റെ ഇടപെടല്‍ ഉണ്ടെന്നും ദുര്‍ബലമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലിസുകാരന്റെ മകന്‍ പ്രതിയായതിനാലാണ് ദുര്‍ബലമായ രീതിയില്‍ കേസെടുത്തതെന്നാണ് ആരോപണം. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും സുചനയുണ്ട്. ഇതിനിടെ സംഭവം നടന്ന ഹോംസ്റ്റേ താല്‍ക്കാലികമായി അടച്ചു.
ഈ സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോംസ്റ്റേ നടത്തിപ്പുകാരനായ ക്രിസ്റ്റി യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നാം പ്രതിയാണ്. ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരുന്നതെന്നും ആക്ഷേപമുണ്ട്. പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേകളില്‍ പോലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it