ഫോര്‍ട്ട് കൊച്ചി ബലാല്‍സംഗം: പ്രതികള്‍ റിമാന്‍ഡില്‍ ; ഹോംസ്‌റ്റേ അടച്ചുപൂട്ടാന്‍ പോലിസ് നിര്‍ദേശം; അല്‍ത്താഫ് മറ്റൊരു പീഡന കേസിലും പ്രതി

മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ശനിയാഴ്ച അറസ്റ്റിലായ ആറ് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ട് കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), പട്ടാളത്ത് അല്‍ത്താഫ് (20), വെളിയില്‍ ഇജാസ് (20), ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു (20), ഫിഷര്‍മെന്‍ കോളനിയില്‍ അത്തിപ്പൊഴി വീട്ടില്‍ അപ്പു (20), നസ്‌റത്ത് കനാല്‍ റോഡില്‍ ക്ലിപ്റ്റന്‍ ഡിക്കോത്ത (18) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ഫോര്‍ട്ട് കൊച്ചിയിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഹോംസ്‌റ്റേയില്‍ രണ്ടര മാസം മുമ്പ് തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയെയാണ് ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. എഴുപുന്ന സ്വദേശിയായ യുവാവിനോടൊപ്പം ഹോംസ്‌റ്റേയിലെത്തിയ യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും കാറും തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് യുവാവ് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ക്രൂരമായാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലിസ് പറഞ്ഞു. പ്രതികളുടെ ഭീഷണിയില്‍ മനംനൊന്ത് യുവാവ് പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്രേ. നവ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഫോട്ടോകള്‍ യുവാവിന്റെ വീടിന്റെ പരിസരത്ത് പതിക്കുമെന്നുമായിരുന്നു ഭീഷണി. ആദ്യം ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്‍കിയതിനുശേഷം വീണ്ടും വലിയ തുക ആവശ്യപ്പെടുകയായിരുന്നു. പീഡനത്തിനിരയായ യുവതിയെ സംബന്ധിച്ച് പുറത്ത്പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് പോലിസിനോട് പറഞ്ഞു. അതേസമയം, സംഭവം നടന്ന ഫോര്‍ട്ട് കൊച്ചി പട്ടാളത്തെ ഹോംസ്‌റ്റേയായ ഗുഡ്‌ഷെപ്പേര്‍ഡ് അടച്ച് പൂട്ടാന്‍ പോലിസ് നിര്‍ദേശം നല്‍കി. ഹോംസ്‌റ്റേ ഉടമയെയും കേസില്‍ പ്രതിയാക്കിയേക്കും.
കേസിലെ ഒന്നാംപ്രതി അല്‍ത്താഫ് പള്ളുരുത്തി സ്വദേശിയായ ഡിഗ്രി വിദ്യാര്‍ഥിനിയെ സ്‌നേഹം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച ശേഷം പീഡിപ്പിച്ച കേസിലും പ്രതിയാണ്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി പോലിസ് ഇയാള്‍ക്കും പ്രായപൂര്‍ത്തിയാവാത്ത മറ്റു രണ്ട് പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. പട്ടാളം സ്വദേശിയായ പതിനേഴുകാരനും വെളി സ്വദേശിയും ചേര്‍ന്നാണ് ഗുഡ്‌ഷെപ്പേര്‍ഡ് ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈസമയത്ത് മുറിയിലെ കക്കൂസില്‍ ഒളിച്ചിരുന്ന മറ്റു രണ്ട് പേര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അല്‍ത്താഫിന്റെ മൊബൈല്‍ ഫോണ്‍ പോലിസ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി എസ്‌ഐ എസ് ദ്വിജേഷ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാണ്.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രായപൂര്‍ത്തിയാവാത്ത പ്രതികളിലൊരാള്‍ പോലിസുകാരന്റെ മകനാണെന്നാണ് വിവരം. ഈ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ഒന്നാംപ്രതി സംസ്ഥാന ഹോക്കി മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച കായികതാരം കൂടിയാണ്.
Next Story

RELATED STORIES

Share it