ernakulam local

ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്ത് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകള്‍ സഞ്ചാരികള്‍ക്ക് വിനയാവുന്നു

മട്ടാഞ്ചേരി: നൂറുകണക്കിന് സഞ്ചാരികള്‍ ദിവസേനേ വന്ന് പോവുന്ന ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്തെ പ്രവേശന കവാടത്തെ തടസ്സപ്പെടുത്തി കൂട്ടിയിട്ടിരിക്കുന്ന വലിയ കരിങ്കല്ലുകള്‍ സഞ്ചാരികള്‍ക്ക് വിനയാവുന്നു.
സൗത്ത് കടപ്പുറത്തെ മണലില്‍ ഇറങ്ങാന്‍ കഴിയാത്ത രീതിയിലാണ് കല്ലുകള്‍ തള്ളിയിട്ടുള്ളത്. കടപ്പുറത്ത് നടപ്പാത നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ കരാറുകാരന്‍ കരിങ്കല്ലുകള്‍ ഇറക്കിയത്.
ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന ഉറപ്പിന്‍മേലാണ് മൂന്ന് മാസം മുമ്പ് കല്ലുകള്‍ കൂട്ടത്തോടെ ഇവിടെ ഇറക്കിയത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ കഴിയാതെ വന്നതോടെ കല്ലുകള്‍ ഇവിടെ തന്നെയിട്ട് കരാറുകാരന്‍ പോവുകയായിരുന്നു. സൗത്ത് കടപ്പുറത്ത് ബീച്ച് ഫുട്‌ബോളേഴ്‌സിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ ഇവിടെ എല്ലാ ദിവസവും രാവിലെ ഫുട്‌ബോള്‍ പരിശീലനം നടത്താറുണ്ട്. കല്ലുകള്‍ ഇവിടെ സ്ഥിരമാക്കിയതോടെ ഇത് ഫുട്‌ബോള്‍ പരിശീലനത്തിനും തടസ്സമായി. കടപ്പുറത്ത് വിനോദത്തിനായി എത്തുന്ന കുട്ടികളും കല്ലില്‍ തട്ടി അപകടത്തില്‍പ്പെടുന്നത് ഫോര്‍ട്ട്‌കൊച്ചിയില്‍ ഇപ്പോള്‍ നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ്.
പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായുള്ള കാര്‍ണിവല്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കല്ലുകള്‍ കടപ്പുറത്ത് കിടക്കുന്നത് ആഘോഷ പരിപാടികള്‍ക്കും തടസ്സമാവും. അടിയന്തരമായി നിര്‍മാണം ആരംഭിക്കുകയോ അല്ലെങ്കില്‍ കല്ലുകള്‍ ഒഴിഞ്ഞ ഭാഗത്തേക്ക് നീക്കുകയോ വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it