ernakulam local

ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഇന്ന് നിര്‍ത്തും

മട്ടാഞ്ചേരി: റോറോ ജെട്ടിയുടെ മൂറിങ് നിര്‍മാണവുമായി ബന്ധപ്പെട്ട്  ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഇന്ന് വൈകീട്ട് ആറോടെ നിര്‍ത്തും. നഗരസഭ അധികൃതരുടെ ഉത്തരവിനെത്തുടര്‍ന്നാണ് ജങ്കാര്‍ സര്‍വീസ് നിര്‍ത്തുന്നത്.
നാളെ മുതല്‍ നഗരസഭയുടെ വലിയ ബോട്ടായ ഫോര്‍ട്ട് ക്യൂന്‍ സര്‍വീസ് നടത്തുന്നത് മൂലം യാത്രാക്ലേശം ഒരു പരിധി വരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ബോട്ട് ഇന്നലെ പരീക്ഷണഓട്ടം നടത്തി. ബോട്ട് സര്‍വീസ് നടത്തിപ്പില്‍ കിന്‍കോയുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.
1.82 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബോട്ടില്‍ 150 പേര്‍ക്ക് യാത്ര ചെയ്യാനാകും. പരീക്ഷണയോട്ടത്തില്‍ നഗരസഭാ ടൗണ്‍ പഌനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ, കിന്‍കോ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പരീക്ഷണഓട്ടം വിജയകരമായിരുന്നുവെങ്കിലും ഫോര്‍ട്ട്‌കൊച്ചി ഭാഗത്തെ ജെട്ടിയില്‍ ഇറങ്ങുന്നതിന് ചെറിയ പ്രയാസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ റാമ്പ് സ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന പാപ്പി ബോട്ട് ഏതാനും ദിവസം കൂടി സര്‍വീസ് നടത്തും.
റോറോ ജെട്ടിയുടെ മൂറിങ് സംവിധാനം നിര്‍മിക്കണമെങ്കില്‍ നിലവിലെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാതെ കഴിയില്ല. ഇതിനെത്തുടര്‍ന്നാണ് നഗരസഭ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടത്.
അതേസമയം പുതുവല്‍സരാഘോഷങ്ങളും പരീക്ഷയുമൊക്കെ ആരംഭിക്കാനിരിക്കെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് രൂക്ഷമായ യാത്രാക്ലേശത്തിനിടയാക്കും.
വാഹനങ്ങള്‍ അക്കരെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇനി നഗരം ചുറ്റി വേണം അക്കരെയെത്താന്‍.
Next Story

RELATED STORIES

Share it