ernakulam local

ഫോര്‍ട്ട്‌കൊച്ചി വില്ലേജില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു; ജനം ദുരിതത്തില്‍

മട്ടാഞ്ചേരി: ഫയല്‍ നോക്കാനാളില്ലാത്തതിനാല്‍ ഫോര്‍ട്ട്‌കൊച്ചി വില്ലേജ് ഓഫിസില്‍ ഭൂമി സംബന്ധമായ ഫയലുകള്‍ കെട്ടി കിടക്കുന്നു. ഇത് ജനത്തെ വലക്കുകയാണ്. മൂന്ന് മാസം മുമ്പ് കൊടുത്ത ഫയലുകള്‍ വരെ കെട്ടി കിടക്കുന്ന അവസ്ഥയാണ്. പോക്ക് വരവ് ഫയലുകളാണ് ഏറെയും കെട്ടി കിടക്കുന്നത്. മൂന്ന് മാസം മുമ്പ് ഈ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ വിരമിച്ചിരുന്നു. അതിന് പകരം ഹെഡ് ക്വാര്‍ട്ടേഴ്‌സ് വില്ലേജായ ഇവിടെ ആരേയും നിയമിച്ചിട്ടില്ല. നിലവില്‍ ഇവിടെ ഒരു സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറുണ്ടെങ്കിലും ഇവര്‍ വനിതയാണ്. അത് കൊണ്ട് തന്നെ ഭൂമി സംബന്ധമായ കാര്യങ്ങളുടെ അന്വേഷണം നടത്താന്‍ ഇവര്‍ പുറത്ത് പോകാറില്ല.പോക്ക് വരവ് ഫയലുകള്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ഒപ്പിടണം. എന്നാല്‍ സ്ഥലം നോക്കാന്‍ പോകാത്തതിനാല്‍ നിലവിലുള്ള സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ഫയലുകളില്‍ ഒപ്പിടുന്നില്ലത്രേ. അത് കൊണ്ട് തന്നെ വില്ലേജ് ഓഫിസര്‍ക്ക് ഫയലുകള്‍ ഒപ്പിട്ട് താലൂക്കിലേക്ക് അയക്കാന്‍ കഴിയാത്ത സാഹചര്യമാണത്രേ. ഇതിനിടയില്‍ ഫീല്‍ഡില്‍ പോയിരുന്ന വില്ലേജ് അസിസ്റ്റന്റിനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നായരമ്പലം വില്ലേജിലേക്ക് അയക്കുകയും ചെയ്തു. ഫയലുകള്‍ നീങ്ങാത്തത് പലപ്പോഴും ജീവനക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കും വഴി വെക്കുന്നുണ്ട്. ഭൂമി വില്‍പനക്കും വായ്പയെടുക്കുന്നതിനും മറ്റുമാണ് ആളുകള്‍ പോക്ക് വരവിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പോക്ക് വരവ് പുതിയ ആധാരങ്ങള്‍ക്കാണ് നടക്കുക. മറ്റ് ആധാരങ്ങള്‍ക്ക് മാന്വലായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഫയലുകളാണ് കെട്ടി കിടക്കുന്നത്. അടിയന്തിരമായി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it