ernakulam local

ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് തീരവും കവിഞ്ഞ് തിരമാലകള്‍



മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് തിരമാലകള്‍ തീരം കവിഞ്ഞ് അടിച്ചുകയറുന്നതു മൂലം വിനോദസഞ്ചാരികള്‍ ഭീതിയില്‍. സംരക്ഷണ ഭിത്തിയും കടന്ന് അടിച്ചുകയറുന്ന തിരമാലകള്‍ നടപ്പാതയും കവിഞ്ഞ് പോവുന്ന അവസ്ഥയാണ്. തീരം മുഴുവനായും കവര്‍ന്നെടുത്ത കടല്‍ അപകടഭീഷണി ഉയര്‍ത്തുന്നു. നടപ്പാതയുണ്ടായ സമീപത്തും അത് കഴിഞ്ഞുള്ള ഭാഗങ്ങളിലും നില്‍ക്കുന്നവരെ കൂടി തിരമാലകള്‍ വിടാത്ത സാഹചര്യമാണ്. കടപ്പുറത്ത് നടപ്പാതയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ബോയിലര്‍ ഏത് സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നേരത്തേ തന്നെ അടിഭാഗം ദ്രവിച്ച് ജീര്‍ണാവസ്ഥയിലായ ബോയിലര്‍ തിരയടിയില്‍പ്പെട്ട് കൂടുതല്‍ നാശമായി. സൗത്ത് കടപ്പുറത്ത് രാവിലെ കുളിക്കുവാനെത്തുന്നവര്‍ ശക്തമായ കടലടിയില്‍ അകപ്പെടുമോയെന്ന ആശങ്കയിലാണു തീരദേശ പോലിസ്. ഇവിടെയുള്ള ലൈഫ് ഗാര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മധ്യവേനലവധിയായതിനാല്‍ കുട്ടികള്‍ കൂടുതലായും കുളിക്കാന്‍ വരുന്ന സമയമാണ്. പലപ്പോഴും അതിരാവിലെയായിരിക്കും കുട്ടികള്‍ എത്തുക. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതാവട്ടെ രാവിലെ ഏഴുമണിക്കു ശേഷവും. ഈ സമയങ്ങളില്‍ അപകടം കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകള്‍ മൂലമാണു രക്ഷപ്പെടുന്നത്. ലൈഫ് ഗാര്‍ഡുകളുടെ സമയക്രമം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റല്‍ പോലിസ് ടൂറിസം വകുപ്പിനു കത്ത് നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് കടലിന്റെ സ്ഥിതി ഇതാണെങ്കില്‍ കാലവര്‍ഷത്തില്‍ എന്തായിരിക്കും അവസ്ഥയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it