ernakulam local

ഫോര്‍ട്ടുകൊച്ചിയിലെ മാലിന്യ തോടില്‍ ഇക്കുറി വീണത് ജപ്പാന്‍ ദമ്പതികള്‍

മട്ടാഞ്ചേരി: അറബിക്കടലിന്റെ റാണിയെ കാണാനെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ മാലിന്യതോട് അപകട കെണിയായി മാറുന്നു. കഴിഞ്ഞ ആഴ്ച സ്വീഡന്‍ സ്വദേശി വീണ അതേ തോടില്‍ തന്നെ ഇന്നലെ വീണത് ജപ്പാന്‍ ദമ്പതികള്‍. ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ജപ്പാനില്‍ നിന്നും എത്തിയ പന്ത്രണ്ടംഗ സംഘം കടപ്പുറത്തെ കാഴ്ചകള്‍ കണ്ടു നടക്കവെ സംഘത്തിലുണ്ടായിരുന്ന ദമ്പതികളാണ് മാലിന്യതോടിലേക്ക് വീണത്. ഭാര്യയുടെ കാല്‍  ആദ്യം തോട്ടിലേക്ക് വഴുതിയതോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവും തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ഇരുവരും കരച്ചിലായി. കരച്ചില്‍ കേട്ട് ഓടിയെത്തിയ മല്‍സ്യ കച്ചവടക്കാരാണ് ഇയാളെ ചെളിയില്‍ നിന്നും പൊക്കി കയറ്റിയത്. തുടര്‍ന്ന് ഇയാളെ ദേഹശുദ്ധി വരുത്തിയാണ് കച്ചവടക്കാര്‍ പറഞ്ഞു വിട്ടത്. തോട്ടിലെ ചെളിയില്‍ പൂണ്ട ഇയാളുടെ ബാഗും കച്ചവടക്കാര്‍ തന്നെ പൊക്കിയെടുത്തു. വര്‍ഷം തോറും കോടികള്‍ മുടക്കി സൗന്ദര്യവല്‍ക്കരണം നടത്തുമ്പോഴും കടപ്പുറത്തിന്റെ ശോഭ കെടുത്തുകയാണ് മാലിന്യതോടുകള്‍. ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്‌റ്റേകളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന തോടാണ് ഇത്. വര്‍ഷങ്ങളായി ഈ തോട് ശുചീകരിക്കാറില്ല. കഴിഞ്ഞ ദിവസം ആഡംബര കപ്പലിലെത്തിയ രണ്ട് ആസ്‌ത്രേലിയന്‍ സഞ്ചാരികള്‍ നടപ്പാതയിലെ കല്ലില്‍ തട്ടി വീണു കൈ ഒടിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it