wayanad local

ഫോണ്‍ ചോര്‍ത്തല്‍: മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം രാജിവച്ചു

മാനന്തവാടി: ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തുവിട്ട ഡിസിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം അഡ്വ. ജോസ് കൂമ്പുക്കല്‍ രാജിവച്ചു.
തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും. ഇതിനു പാര്‍ട്ടി സ്ഥാനം തടസ്സമായതിനാലാണ് രാജിയെന്നും അഡ്വ. ജോസ് പറഞ്ഞു. മാനന്തവാടി നഗരസഭ പുത്തന്‍പുര വാര്‍ഡിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി സാബു മണിത്തൊട്ടിയുമായി അഡ്വ. ജോസ് നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം ഡിസിസി പുറത്തുവിട്ടിരുന്നു.
ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനു പിന്നില്‍ ഡിസിസി നേതൃത്വത്തിന്റെ ഗൂഢാലോചനയാണ്. രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് അയച്ചുകൊടുക്കുകയും ബ്ലോക്ക് പ്രസിഡന്റിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
പുത്തന്‍പുര വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് തൊട്ടുമുമ്പ് സാബുവും അഡ്വ. ജോസും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിമത സ്ഥാനാര്‍ഥിയായ സാബു തന്നെ ഇങ്ങോട്ടുവിളിച്ച് സംസാരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ നന്മ മാത്രം ആഗ്രഹിച്ചാണ് താന്‍ പല കാര്യങ്ങളും വെളിപ്പെടുത്തിയത്. എന്നാല്‍, സാബു ഡിസിസിയുടെ അച്ചാരം വാങ്ങി തന്റെ സംഭാഷണം റെക്കോഡ് ചെയ്തു സൂക്ഷിക്കുകയായിരുന്നു. ആകസ്മികമായി പി വി ജോണ്‍ മരിക്കുകയും ഡിസിസി നേതൃത്വം പ്രതിക്കൂട്ടിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സംഭാഷണം പുറത്തുവിടാന്‍ നേതൃത്വം മുന്‍കൈയെടുത്തത്- ജോസ് പറഞ്ഞു.
Next Story

RELATED STORIES

Share it