ഫോണ്‍ കെണിക്കേസ്‌; കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് 22.83 ലക്ഷം

ടോമി മാത്യു
കൊച്ചി: മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്കും പിന്നീട് കുറ്റവിമുക്തനായി തിരികെ മന്ത്രിസഭയിലേക്കും വഴി തുറന്ന ഫോണ്‍കെണിക്കേസ് അന്വേഷിച്ച പി എസ് ആന്റണി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് 22,83,382 ലക്ഷം രൂപ. ഗതാഗത മന്ത്രിയായിരിക്കെയാണ് എ കെ ശശീന്ദ്രന്‍ വിവാദമായ ഫോണ്‍കെണിക്കേസില്‍ പെടുകയും രാജിവയ്ക്കുകയും ചെയ്തത്. തുടര്‍ന്നാണ് വിഷയം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷനെ നിയോഗിച്ചത്.
2017 ഏപ്രില്‍ നാലിനാണ് പി എസ് ആന്റണി കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1,07,354 രൂപയായിരുന്നു കമ്മീഷന് പ്രതിമാസം ശബളമായി നല്‍കിയത്. കമ്മീഷന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായി അഞ്ച് ജീവനക്കാരെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു.
സെക്രട്ടറി, കോ ണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക്/അക്കൗണ്ടന്റ്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെയായിരുന്നു തസ്തികകള്‍. സെക്രട്ടറി-50,000, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്-46,990, ബെഞ്ച് ക്ലാര്‍ക്ക്/അക്കൗണ്ടന്റ്-36,784, പ്യൂണ്‍-20,890, പാര്‍ട്ട് ടൈം സ്വീപ്പര്‍-10,561 എന്നിങ്ങനെയായിരുന്നു ജീവനക്കാരുടെ ശമ്പളം, വാടക കെട്ടിടത്തിലായിരുന്നു കമ്മീഷന്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. 2017 നവംബര്‍ 30 വരെ വാടകയിനത്തില്‍ 79,333 രൂപയും ചെലവഴിച്ചെന്നാണ് ആഭ്യന്തര(രഹസ്യവിഭാഗം-എ) അഡീഷനല്‍ സെക്രട്ടറി സിംജി ജോസ് രാജു വാഴക്കാലയ്ക്ക് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്. 2017 നവംബര്‍ 30 വരെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 22,83,382 രൂപ ചെലവഴിച്ചു. 2017 ഡിസംബര്‍ 31ന് കമ്മീഷന്റെ കാലാവധി കഴിയുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തതായും മറുപടിയില്‍ വ്യക്തമാക്കുന്നു.
എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിയായി അധികാരമേറ്റെങ്കിലും ഇദ്ദേഹത്തിനും മന്ത്രിക്കസേരയില്‍ അധികകാലം ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എ കെ ശശീന്ദ്രന്‍ ഫോണ്‍ കെണിക്കേസിലായിരുന്നു രാജിവച്ചതെങ്കില്‍ കായല്‍ കൈേയറ്റത്തിന്റെ പേരിലായിരുന്നു തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപെട്ടത്. ഇതിനിടയിലാണ് ഫോണ്‍കെണിക്കേസ് അന്വേഷിച്ച പി എസ് ആന്റണി കമ്മീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it