ഫോണില്‍ സംസാരിച്ച് ബസ്സോടിച്ചയാളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി

കണ്ണൂര്‍: ബസ് ഓടിക്കുന്നതിനിടെ കാല്‍ മണിക്കൂറോളം മൊബൈല്‍ ഫോണില്‍ സം സാരിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചിറക്കുനിയില്‍നിന്ന് പെരളശ്ശേരിയിലേക്കുള്ള ശ്രീഹരി ബസ്സിന്റെ ഡ്രൈവര്‍ മറോളിയിലെ പി നിഖിലിനെതിരേയാണ് നടപടി.
ഞായറാഴ്ച രാവിലെയാണ് സംഭവം. പെരളശ്ശേരി അമ്പലത്തിലേക്ക് പോവുകയായിരുന്ന യാത്രക്കാര്‍ നിഖില്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് നമ്പറില്‍ വീഡിയോ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നിഖിലിന് തലശ്ശേരി അഡീഷനല്‍ ലൈസന്‍സിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഡ്രൈവറുടെ എതിര്‍ സീറ്റിലിരുന്ന യാത്രക്കാര്‍, ഫോണില്‍ സംസാരിച്ച് ബസ്സോടിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടും ഫലമുണ്ടായില്ല. കണ്ടക്ടറോടു പരാതിപ്പെട്ടപ്പോള്‍, അയാള്‍ ചിരിച്ചുതള്ളി. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നിഖിലിന്റെ ഡ്രൈവിങ് ലൈസന്‍സ് ഇന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ആയിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
മൂന്നുമാസം മുമ്പ് ഇരിട്ടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it