wayanad local

ഫോട്ടോസ്റ്റാറ്റ് ലാമിനേഷന് അമിത ചാര്‍ജ്; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിവിധി

പുല്‍പ്പള്ളി: ഡ്രൈവിങ് ലൈസന്‍സിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് ലാമിനേഷന്‍ ചെയ്യുന്നതിന് സമീപത്തെ മറ്റ് കടകളേക്കാള്‍ അമിത ചാര്‍ജ് വാങ്ങിയ സ്ഥാപന ഉടമയോട് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ കല്‍പ്പറ്റ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചു.
പുല്‍പ്പള്ളി താഴത്തേടത്ത് ജോസ് അഗസ്റ്റിനായിരുന്നു പുല്‍പ്പള്ളി ടൗണിലെ നാഷനല്‍ ഫോട്ടോസ്റ്റാറ്റ് ഉടമ സജി മേക്കാട്ടിലിനെതിരേ പരാതി നല്‍കിയത്. ജോസിന്റെ ഡ്രൈവിങ് ലൈസന്‍സ് കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് ലാമിനേറ്റ് ചെയ്തതിന് 100 രൂപ ഈടാക്കി.
എന്നാല്‍, സമീപത്ത് ഇതേ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഈടാക്കുന്നതു 40 രൂപ മാത്രമാണ്. 60 രൂപ അമിതമായി വാങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥാപന ഉടമ പരുഷമായി പെരുമാറുകയും പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
തനിക്കുണ്ടായ മാനസിക വേദനയ്ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരം കാണാനാണ് ജോസ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ലാമിനേഷന് അധികമായി വാങ്ങിയ 60 രൂപ, ജോസിനുണ്ടായ മാനസിക പീഡനത്തിന് 1,000 രൂപ നിയമനടപടികള്‍ക്കുണ്ടായ ചെലവ് 1,000 രൂപ എന്നിങ്ങനെ നല്‍കണമെന്നായിരുന്നു ഉപഭോക്തൃ കോടതി വിധി. ഈ ഉത്തരവ് വന്ന് ഒരു മാസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പ്രതിവര്‍ഷം 12 ശതമാനം പലിശ പണം നല്‍കുന്നതുവരെ ജോസിന് നല്‍കുകയും വേണം.
Next Story

RELATED STORIES

Share it