Districts

ഫോക്‌സ് വാഗന്‍ വാഹന നിരോധനം: ഹരിത ട്രിബ്യൂണല്‍ കേന്ദ്രത്തിന് കത്തയച്ചു

ന്യൂഡല്‍ഹി: ജര്‍മന്‍ കമ്പനിയായ ഫോക്‌സ് വാഗന്റെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതും വില്‍പന നടത്തുന്നതും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര ഹരിത ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിന്റെയും കമ്പനിയുടെയും പ്രതികരണം തേടി.
കേന്ദ്രഘനവ്യവസായ -പൊതുമേഖലാ മന്ത്രാലയം, പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ്, ഫോക്‌സ് വാഗന്‍ ഗ്രൂപ്പ് എന്നിവര്‍ക്കും വിശദീകരണമാവശ്യപ്പെട്ട് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ കത്തയച്ചിട്ടുണ്ട്. ഡിസംബര്‍ 23നകം മറുപടി നല്‍കണമെന്നാണാവശ്യപ്പെട്ടിട്ടുള്ളത്. ഫോക്‌സ് വാഗന്‍ വാഹനങ്ങള്‍ അനുവദനീയമായതിന്റെ ഒമ്പതിരട്ടി നൈട്രജന്‍ ഓക്‌സൈഡ് വാതകം പുറത്തുവിടുന്നതായി ഓട്ടോമാറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) അടുത്തിടെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് അവലംബിച്ച് ഡല്‍ഹിയിലെ സ്‌കൂള്‍ അധ്യാപികയായ സലോണി ഐലാവദി ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ട്രിബ്യൂണല്‍ കേന്ദ്രത്തിനോടും മറ്റും വിശദീകരണമാവശ്യപ്പെട്ടത്.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത വാഹനനിര്‍മാതാക്കള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ഹരജിയില്‍ പറയുന്നു. ഇന്ത്യയിലെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും തടയണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. ഓട്ടോമാറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് പ്രകാരം നേരത്തെ കേന്ദ്രം ഫോക്‌സ് വാഗന്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫോ—ക്‌സ് വാഗന്റെ ജെറ്റ, ഒക്ടോവിയ, ഓഡിഎ4, ഓഡി എ6 എന്നീ ഡീസല്‍ മോഡല്‍ കാറുകള്‍ പുറന്തള്ളുന്ന വാതകം അനുവദനീയമായതില്‍ കൂടുതലാണെന്ന് കാണിച്ചായിരുന്നു നോട്ടീസ്. ലോകവ്യാപകമായി വിതരണം ചെയ്ത 1.1 കോടി കാറുകളില്‍ ഘടിപ്പിച്ച സോഫ്റ്റ് വെയറിന്റെ തകരാറാണെന്ന് കാര്‍ നിര്‍മാതാക്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it