ഫോക്‌ലോര്‍ മ്യൂസിയം നാളെ തുറക്കും

കണ്ണൂര്‍: തെയ്യങ്ങളെയും തെയ്യക്കോലങ്ങളെയും കുറിച്ചു പഠിക്കാനും ദൃശ്യാനുഭവങ്ങള്‍ പങ്കിടാനും ഇനി ടച്ച് സ്‌ക്രീന്‍ സംവിധാനം. ഫോക്‌ലോര്‍ അക്കാദമിയുടെ ചിറയ്ക്കല്‍ ആസ്ഥാനത്തെ നവീകരിച്ച മ്യൂസിയത്തിലാണ് നാടന്‍ കലാരൂപങ്ങളും നാട്ടറിവുകളും സമന്വയിപ്പിച്ച മ്യൂസിയം ഒരുങ്ങുന്നത്.
നവീകരിച്ച മ്യൂസിയം നാളെ വൈകീട്ട് നാലിന് ചിറയ്ക്കല്‍ അക്കാദമി ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ സി ജോസഫ് നാടിനു സമര്‍പ്പിക്കും. 70 ലക്ഷം രൂപ ചെലവില്‍ നിര്‍മിതി കേന്ദ്രയാണു മ്യൂസിയം നവീകരിച്ചത്. കവാടം മുതല്‍ ചുവരുകളും അകവുമെല്ലാം സമ്പൂര്‍ണമായും നാടന്‍ കലകളാ ല്‍ സമ്പുഷ്ടമാണ്. കവാടത്തില്‍ പ്രാദേശിക ശിലാരൂപങ്ങളാണു സന്നിവേശിപ്പിച്ചിട്ടുള്ളതെങ്കില്‍ ഏറ്റവും ആകര്‍ഷണീയവും പഠനാര്‍ഹവുമായത് ടച്ച് സ്‌ക്രീന്‍ തന്നെയാണ്. പ്രശസ്തമായതും അല്ലാത്തതുമായ 500ഓളം തെയ്യങ്ങളെക്കുറിച്ചുള്ള വിശദമായ ചരിത്രം ചുവരി ല്‍ സ്ഥാപിച്ച ടച്ച് സ്‌ക്രീനില്‍ നിമിഷനേരം കൊണ്ടു തെളിയും.
പയ്യന്നൂരിലെ രാജീവന്‍ രാമദാസന്‍ എന്ന ഫോട്ടോ-വീഡിയോഗ്രഫര്‍ 15 വര്‍ഷത്തോളമായി ശേഖരിച്ച ചിത്രങ്ങളും വീഡിയോകളും അക്കാദമി വിലയ്ക്കു വാങ്ങുകയായിരുന്നു. പ്രത്യേകമായ പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, രണ്ടര മണിക്കൂറോളം ചെലവഴിക്കാവുന്ന വിധത്തിലുള്ള ശില്‍പങ്ങളും മറ്റും ഇവിടെയുണ്ട്. മ്യൂസിയത്തിന്റെ പുറംചുവരില്‍ പറയിപെറ്റ പന്തിരുകുലം12 ശില്‍പരൂപങ്ങളായി കൊത്തിവച്ചിട്ടുണ്ട്. അക്കാദമി ഓഫിസ് കവാടവും നവീകരിച്ചിട്ടുണ്ട്.
മ്യൂസിയം ഉദ്ഘാടനത്തോടൊപ്പം 2015ലെ പി കെ കാളന്‍ പുരസ്‌കാരവും മന്ത്രി വിതരണം ചെയ്യും. പ്രമുഖ ഫോക്‌ലോര്‍ പണ്ഡിതനും നെന്മാറ എ ന്‍എസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എന്‍ അജിത് കുമാറാണ് പുരസ്‌കാര ജേതാവ്. കെ എം ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ശ്രീമതി എംപി മുഖ്യാതിഥിയാവും. ഡോ. എന്‍ ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് 3 മുതല്‍ 7 വരെ പൊതുജനങ്ങ ള്‍ക്കു സൗജന്യ പ്രവേശനം അനുവദിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി മുഹമ്മദ് അഹമ്മദ്, വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തൂപറമ്പ്, സെക്രട്ടറി എം പ്രദീപ്കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it