Flash News

ഫൈനല്‍ കഴിഞ്ഞ് ഗോളടിക്കാന്‍ മാണിയും വെള്ളാപ്പള്ളിയും

എ   ജയകുമാര്‍
ചെങ്ങന്നൂര്‍:  ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന് പരസ്യപ്രസ്താവന നടത്താതെ ഉരുണ്ടുകളിക്കുന്ന കെ എം മാണിയുടെയും വെള്ളാപ്പള്ളിയുടെയും ശ്രമം മല്‍സരം കഴിഞ്ഞ് ജയപരാജയങ്ങളറിഞ്ഞശേഷം തങ്ങളാണ് വിജയകാരണമെന്ന് വരുത്തിതീര്‍ത്ത് വിജയപക്ഷം ചേരാനെന്ന് പരക്കെ ആക്ഷേപം.
കഴിഞ്ഞതവണ ബിഡിജെഎസ് പിന്തുണ വഴി എസ്എന്‍ഡിപിയെ ഏറെക്കുറെ ഹൈജാക്ക് ചെയ്ത് കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ഇക്കുറി ബിഡിജെഎസും എസ്എന്‍ഡിപിയും തങ്ങള്‍ ബിജെപിക്കൊപ്പമില്ല എന്ന് പറയാതെ പറയുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, തങ്ങളുടെ പരസ്യ പിന്തുണ ആര്‍ക്കെന്ന് പാര്‍ട്ടിയോ സമുദായ നേതാവ് വെള്ളാപ്പള്ളിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കാരണം, ചെങ്ങന്നൂരിലെയും സംസ്ഥാന രാഷ്ട്രീയത്തിലെയും മുന്‍ അനുഭവങ്ങള്‍ വെള്ളാപ്പള്ളിക്ക് പാഠമാണ്. മുമ്പ് ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ സമുദായ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറുപക്ഷത്തിന് വോട്ടുചെയ്തതും മറ്റു സമുദായങ്ങള്‍ രാഷ്ട്രീയം മറന്ന് വെള്ളാപ്പള്ളിയുടെ വാക്കിനെ നിഷ്പ്രഭമാക്കാന്‍ യുഡിഎഫിനെ സഹായിച്ചതും കേരള രാഷ്ട്രീയം മറന്നിട്ടില്ല.
തന്നെയുമല്ല എസ്എന്‍ഡിപി യോഗത്തിന്റെ ചെങ്ങന്നൂരിലെ പ്രാദേശിക നേതൃത്വം പൂര്‍ണമായും വെള്ളാപ്പള്ളി പക്ഷത്തിന്റെ കൈയിലല്ല.
ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ പരസ്യ പിന്തുണ പ്രഖ്യാപിച്ച ശേഷം പരാജയത്തിന്റെ രുചി അറിഞ്ഞാല്‍ തങ്ങളുടെ ശക്തിക്ഷയം പുറത്തറിയും എന്ന് മനസ്സിലാക്കി വെള്ളാപ്പള്ളി മനസ്സു തുറക്കാതിരിക്കുകയും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തങ്ങളാണ് വിജയത്തിന് കാരണമായതെന്ന് പ്രഖ്യാപിക്കാനുമാണ് ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കെ എം മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും മറിച്ചല്ല. കേരളാ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍ എങ്കിലും വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള ശക്തി തങ്ങള്‍ക്കില്ലെന്ന് മാണിക്ക് തന്നെ ബോധ്യപ്പെട്ടുകഴിഞ്ഞതാണ്. ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസ് അണികളില്‍ ഏറിയ പങ്കും യുഡിഎഫ് ആഭിമുഖ്യമുള്ള പ്രവര്‍ത്തകര്‍ തന്നെയാണ്. കെ എം മാണി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചാലും ഇവരുടെ വോട്ട് ഉറപ്പിക്കാനാവില്ല എന്ന് സാരം.
ഈ സാഹചര്യത്തില്‍ ഏതെങ്കിലും മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചശേഷം പരാജയമറിഞ്ഞാല്‍ തങ്ങളുടെ സ്ഥാനം എല്ലാ മുന്നണികളുടെയും പടിക്കു പുറത്തെന്ന് മാണിക്കും ബോധ്യപ്പെട്ടുകഴിഞ്ഞു എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഫലപ്രഖ്യാപനത്തിനുശേഷം തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥിയാണ് വിജയിച്ചത് എന്ന് പ്രഖ്യാപിക്കുകയാണ് മാണിയുടെയും ലക്ഷ്യമെന്ന് വേണം കരുതാന്‍.
Next Story

RELATED STORIES

Share it