ഫേസ്ബുക്ക് ഫ്രീ ബേസിക്‌സിന് തിരിച്ചടി; ഇന്റര്‍നെറ്റ് സേവനത്തില്‍ വിവേചനം പാടില്ല: ട്രായ് മാര്‍ഗരേഖ

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തെ അനുകൂലിച്ചുകാണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ മാര്‍ഗരേഖ പുറത്തിറക്കി. 'ഡാറ്റാ സേവനങ്ങള്‍ക്ക് വിവേചനപരമായ താരിഫുകള്‍ നിരോധിക്കുന്ന റെഗുലേഷന്‍ 2016' എന്ന ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖ ഒരു ഇന്റര്‍നെറ്റ് ദാതാവും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുകയോ ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് വന്‍ പരസ്യവും മറ്റും നല്‍കി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്ന ഫ്രീ ബേസിക്‌സിന്റെ ഭാവി ഇതോടെ സംശയത്തിലായി. നെറ്റ് നിഷ്പക്ഷതയുമായി ബന്ധപ്പെട്ട് ശക്തമായ നിര്‍ദേശങ്ങളാണ് 15 പേജ് മാര്‍ഗരേഖയിലുള്ളത്. വിവേചനപരമായ രീതിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെ വിലക്കുന്ന ഈ മാര്‍ഗരേഖയെ മറികടക്കാന്‍വേണ്ടിയുള്ള ശ്രമങ്ങളിലും കരാറിലും ഒരു ഇന്റര്‍നെറ്റ് സേവന ദാതാവും ഭാഗമാവരുതെന്ന വ്യക്തമായ മുന്നറിയിപ്പും മാര്‍ഗരേഖയിലുണ്ട്. എന്നാല്‍, ജനങ്ങള്‍ക്കാവശ്യമുള്ള ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ താരിഫില്‍ വിവേചനപരമായ ഇളവ് അനുവദിക്കാം. ഇങ്ങനെ ചെയ്തതിന് ശേഷം ഏഴ് ദിവസത്തിനുള്ളില്‍തന്നെ ഇതിനെ ക്കുറിച്ച് ട്രായ്‌യില്‍ റിപോര്‍ട്ട് ചെയ്യണം.
അത്തരം വിവേചനം അനുവദിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പിന്നീട് ട്രായ് തീരുമാനിച്ച് നടപടി സ്വീകരിക്കും. പുതിയ മാര്‍ഗരേഖ ലംഘിക്കുന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കടുത്ത പിഴ അടക്കേണ്ടി വരുമെന്നും ട്രായ് വ്യക്തമാക്കുന്നു.
ദിവസം 50,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും പിഴ കെട്ടേണ്ടിവരിക. ആപ്ലിക്കേഷനുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുന്നത് ട്രായ്‌യുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രായ് നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തേ ഇത്തരത്തില്‍ താരിഫുകള്‍ കൊണ്ടുവന്ന കമ്പനികള്‍ അതിലൂടെ വിവേചനമില്ലായ്മ, സുതാര്യത എന്നീ താരിഫ് നിര്‍ണയവുമായി ബന്ധപ്പെട്ട ട്രായിയുടെ രണ്ട് സുപ്രധാന തത്ത്വങ്ങള്‍ ലംഘിക്കുകയായിരുന്നുവെന്ന് മാര്‍ഗരേഖ പറയുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തി ഡിസംബര്‍ 30 വരെ ഇത്തരത്തില്‍ രേഖാമൂലം തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും അവസരം നല്‍കി. ഇത് പിന്നീട് ഒരാഴ്ചകൂടി നീട്ടുകയും അതിനുശേഷം വീണ്ടും ഒരാഴ്ച ലഭ്യമായ അഭിപ്രായങ്ങള്‍ക്ക് മറുപടി രേഖപ്പെടുത്താനുള്ള അവസരവും നല്‍കി. അതിന് ശേഷമാണ് ഇപ്പോള്‍ വിഷയത്തില്‍ വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോഴത്തെ മാര്‍ഗരേഖ ഏറ്റവും കൂടുതല്‍ ബാധിക്കുക ഫേസ്ബുക്കിനെയും കമ്പനിയുടെ പുതിയ ഫ്രീ ബേസിക്‌സ് പദ്ധതിയെയുമായിരിക്കും.
പദ്ധതിയുടെ പ്രചാരണത്തിനായി കോടികളാണ് ഫേസ്ബുക്ക് പരസ്യ ഇനത്തില്‍ ഇന്ത്യയില്‍ ചെലവഴിച്ചത്.
Next Story

RELATED STORIES

Share it