Flash News

ഫേസ്ബുക്ക് തകര്‍ന്നു, മാപ്പപേക്ഷ

ഫേസ്ബുക്ക് തകര്‍ന്നു, മാപ്പപേക്ഷ
X
ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നത് പുറത്തറിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കിന്റെ വിപണി ഇടിഞ്ഞു. ഡാറ്റ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് കോടീശ്വരന്‍മാരുടെ പട്ടികയില്‍ സുക്കര്‍ബര്‍ഗ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓഹരിവിപണി ഇടിഞ്ഞതോടെ ഒരാഴ്ചയ്ക്കിടെ സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ലോകത്തിലെ 500 കോടീശ്വരന്‍മാരുടെ ആസ്തി 18,100 കോടി ഡോളര്‍ (ഏകദേശം 11.76 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടു.



കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മാത്രം 1,000 കോടി ഡോളറാണ് (ഏകദേശം 65,025 കോടി രൂപ) നഷ്ടപ്പെട്ടത്. ഫേസ്ബുക്ക് ഓഹരി 14 ശതമാനമാണ് ഇടിഞ്ഞത്. ഇതിലെ 17 ശതമാനം ഓഹരിയും സുക്കര്‍ബര്‍ഗിന്റേതാണ്.
യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംബ്രിജ് അനലിറ്റിക്ക കോടിക്കണക്കിനു പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപോര്‍ട്ട്.
ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെ കാംബ്രിജ് അനലിറ്റിക്കയുടെ കൈയിലെത്തി എന്നതുസംബന്ധിച്ചു സെനറ്റ് സമിതി മുമ്പാകെ വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗിനോട് യുഎസ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ ഹൗസ് എനര്‍ജി ആന്റ് കൊമേഴ്‌സ് കമ്മിറ്റിയാണ് സുക്കര്‍ബര്‍ഗിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. സെനറ്റ് സമിതിയുടെ നോട്ടീസ് കൈപ്പറ്റിയതായി ഫേസ്ബുക്ക് വക്താവ് സ്ഥിരീകരിച്ചു.
വിവരങ്ങള്‍ ചോരാനിടയായ സംഭവത്തില്‍ സുക്കര്‍ബര്‍ഗ് ബ്രിട്ടിഷ് ജനതയോട് മാപ്പ് പറഞ്ഞു. ബ്രിട്ടിഷ് പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യം നല്‍കിയായിരുന്നു സുക്കര്‍ബര്‍ഗിന്റെ മാപ്പപേക്ഷ. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കല്‍ തങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനു തങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്കു തുടരാന്‍ യോഗ്യതയില്ലെന്നും സുക്കര്‍ബര്‍ഗ് ഒപ്പുവച്ച പരസ്യത്തില്‍ പറഞ്ഞു.
അതിനിടെ യുഎസ്, ബ്രിട്ടിഷ് സര്‍ക്കാരുകളുടെ ഭീകരവിരുദ്ധ നീക്കത്തെ സഹായിക്കാനായി കാംബ്രിജ് അനലിറ്റിക്കയുടെ പോഷകക്കമ്പനി ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും റിപോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനുള്ള സമ്മര്‍ദത്തിലാണ് വാഷിങ്ടണിലെയും ലണ്ടനിലെയും ഉദ്യോഗസ്ഥരെന്നും മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.
വിവരങ്ങള്‍ ചോരാനിടയായതില്‍ സുക്കര്‍ബര്‍ഗ് കഴിഞ്ഞ ബുധനാഴ്ച ക്ഷമാപണം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it