ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും കുറുപ്പംപടി സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ജിഷ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് നഗരത്തില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലിസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജിഷയ്ക്കു നീതി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് രാവിലെ 11നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രതിഷേധ പ്രകടനം ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞുകൊണ്ട് റോഡ് ഉപരോധിച്ചു. അല്‍പനേരം ഗതാഗതം സ്തംഭിപ്പിച്ച ശേഷം പ്രതിഷേധക്കാര്‍ കൂട്ടമായി എം സി റോഡ് ഉപരോധിക്കാന്‍ എത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. നഗരത്തിലെ പ്രധാന ഗതാഗത മാര്‍ഗമായ തിരുവനന്തപുരം-അങ്കമാലി എം സി റോഡ് ഒരു മണിക്കൂറിലധികം സമയം സ്തംഭിപ്പിച്ചതോടെ ഹൈവേയില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. പോലിസ് ഇടപെട്ട് അനുനയിപ്പിച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ മാറാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇറങ്ങി വന്ന് പ്രതിഷേധക്കാര്‍ക്കെതിരേ ബഹളം വച്ചതോടെ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിടയില്‍ നാട്ടുകാരും കച്ചവടക്കാരും സമരക്കാര്‍ക്കെതിരേ രംഗത്തെത്തി. വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പ്രതിഷേധക്കാര്‍ സ്വമേധയാ ഉപരോധം അവസാനിപ്പിച്ച് ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ ഉപരോധം ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഡിവൈഎസ്പി ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഐശ്വര്യ ദിയ, സുജ ഭാരതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടും പ്രതിഷേധം അവസാനിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് വൈകീട്ട് ഏഴു മണിയോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പോലിസ് വാഹനത്തില്‍ കയറ്റുന്നതിനിടെ വീണ്ടും മുദ്രാവാക്യം വിളിച്ച് പോലിസിനെതിരേ തിരിഞ്ഞ പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 12 ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ പോലിസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകയായ ജിമ്മിയുടെ കൈയ്ക്കും നടുവിനും സാരമായി പരിക്കേറ്റു. ജീനയുടെ കാല്‍ ഒടിഞ്ഞു. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീണ്ടും നാട്ടുകാരുടെ സഹകരണത്തോടെ പെരുമ്പാവൂര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ സമരം തുടര്‍ന്നു. മായ കൃഷ്ണന്‍, ഹസ്‌ന, തെസ്‌നി ബാനു, ദിവ്യ, ലാസര്‍ ഷൈന്‍, ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it