Articles

ഫേസ്ബുക്കിന്റെ നാനാര്‍ഥങ്ങള്‍

ഇയാസ് മുഹമ്മദ്

മാര്‍ച്ച് 6ന് കോഴിക്കോട്ട് വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച ജസ്റ്റിസ് കെമാല്‍പാഷയുടെ പ്രസംഗത്തിനു സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങളില്‍ 'ചിലത്' മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചതു പ്രവാചക നിന്ദയായി. മാര്‍ച്ച് 8ന് തൃശൂരിലും 9ന് കോഴിക്കോടുമായി 'നഗരം' സപ്ലിമെന്റില്‍ 'ആപ്‌സ്‌ടോക്ക്' പംക്തിയില്‍ വന്ന മുഹമ്മദ് നബിയെയും പത്‌നിമാരെയും വളരെ മോശമായി അപഹസിക്കുന്നതും നുണ മാത്രമുള്ളതുമായിരുന്നു. സംഭവത്തില്‍ വിശ്വാസി സമൂഹത്തിനു വേദനയുണ്ടെന്നു മനസ്സിലാക്കി പത്രാധിപര്‍ ഒന്നാം പേജില്‍ തന്നെ നിര്‍വ്യാജം ഖേദപ്രകടനം നടത്തി. മാത്രമല്ല, സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ നടപടിയുമുണ്ടായി. നല്ലത്. അതേയവസരം ഇതും തുടര്‍ന്നുണ്ടായ സംഭവങ്ങളും കേരളത്തില്‍ വേരോടുന്ന മുസ്‌ലിം- ന്യൂനപക്ഷ വിരുദ്ധത വ്യക്തമാക്കുന്നതായിരുന്നു.
9ാം തിയ്യതി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പത്ര ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഒപ്പം, പത്ര കോപ്പികള്‍ കത്തിക്കുകയും ചെയ്തു.
എന്തു വിഷയത്തിലും ആദ്യ പ്രതികരണം ഉണ്ടാവുന്നത് ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലാണെന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ഇവയെ ആശ്രയിക്കാതെ തരമില്ല. ആര്‍ക്കും എന്തു തോന്ന്യാസവും തങ്ങളുടെ വാളിലോ, പേജിലോ, ഗ്രൂപ്പിലോ ഒക്കെ എഴുതാനും പ്രചരിപ്പിക്കാനും സാധിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങള്‍. അവ പുനപ്രസിദ്ധീകരിക്കുമ്പോള്‍ സൂക്ഷ്മ പരിശോധന വേണം; മാധ്യമ ധര്‍മവും പത്രത്തിന്റെ നിലപാടും ഒക്കെ നോക്കണം. കുറഞ്ഞത് അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ പേര് കൊടുക്കണം. പൊതുവില്‍ മാതൃഭൂമിയുടെ പംക്തി ഇതൊന്നും ശ്രദ്ധിക്കാറില്ല. അതിനാലാണ് പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ആരെന്ന് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഇന്റലിജന്‍സ് എഡിജിപിയോട് ഉത്തരവിടേണ്ടി വന്നത്.
മാര്‍ച്ച് 8ന് തൃശൂരില്‍ അച്ചടിച്ചുവന്ന ഫീച്ചറിനെതിരേ ശബ്ദമുയരാതിരുന്നതു കൊണ്ടാണോ കോഴിക്കോട്ടും പ്രസിദ്ധീകരിക്കാന്‍ ഇടയായത് എന്നു സംശയിക്കുന്നവരുമുണ്ട്. ഒറ്റവായനയില്‍ തന്നെ പ്രകോപനപരമെന്നു മനസ്സിലാവുന്ന കുറിപ്പ് പ്രസിദ്ധീകരിക്കേണ്ട 'ചിലതില്‍' പെട്ടതാണെന്നു പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു തോന്നിയെങ്കില്‍ അതിനു പിന്നില്‍ മറ്റൊരു അജണ്ട ഉണ്ടെന്നു കരുതണം. ഒരു പത്രത്തില്‍ എന്ത് അച്ചടിച്ചു വിടുന്നതിനും മുമ്പു ചുരുങ്ങിയതു മൂന്നു പേരെങ്കിലും വായിക്കുന്നുണ്ടാവും. രണ്ടോ മൂന്നോ 'മാധ്യമപ്രവര്‍ത്തകര്‍ക്ക്' ഒരേസമയം അബദ്ധം പിണഞ്ഞിട്ടുണ്ടെങ്കില്‍ അത് വെറും അബദ്ധമായിരിക്കില്ല. മാതൃഭൂമിയിലെ പല മാധ്യമപ്രവര്‍ത്തകരും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയിലാണെന്നു ചിന്തിച്ചുപോയാല്‍ കുറ്റംപറയാനാവില്ല.
സമുദായ സംഘടനകള്‍ പൊതുവില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയുമുണ്ടായി. വിചാരം മാത്രമേ ആകാവു വികാരം പാടില്ല തുടങ്ങിയ ഉദീരണങ്ങള്‍ ചില സംഘടനകള്‍ നടത്തുന്ന പള്ളികളിലെ ഖുതുബകളില്‍ കണ്ടിരുന്നു. ഓഫിസുകളിലേക്കു മാര്‍ച്ച് സംഘടിപ്പിക്കുന്നതും പത്രം കത്തിക്കുന്നതും ശരിയല്ലെന്നാണ് ഒരു പ്രകടനവും നടത്താത്ത അവര്‍ അഭിപ്രായപ്പെട്ടത്. പ്രവാചകനെ അവഹേളിച്ചതിന്റെ പേരില്‍ പത്രത്തിന്റെ ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായോ, ജീവനക്കാരെയോ ഉടമയെയോ കൈയേറ്റം ചെയ്തതായോ പത്ര ഓഫിസില്‍ വിളിച്ചു തെറിപറഞ്ഞതായോ എവിടെയും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. എന്നിട്ടു കൂടിയും മാധ്യമപ്രവര്‍ത്തകയെ കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ സംഘപരിവാരത്തിന്റെ മറ്റൊരു വശമാണെന്നും ഇസ്‌ലാമെന്നാല്‍ അസഹിഷ്ണുതയാണെന്നുമൊക്കെ ആരോപിക്കുകയും ചെയ്തവരെ പരോക്ഷമായി പിന്തുണയ്ക്കുന്ന ക്ഷമാപണ സാഹിത്യമായിരുന്നുഅത്.
ഒരു പ്രവൃത്തിയോടു യോജിക്കാനും വിയോജിക്കാനും ഏതൊരാള്‍ക്കും അവകാശമുണ്ട്. ചിലര്‍ പത്രം കത്തിച്ചും ബഹിഷ്‌കരിച്ചും പ്രതിഷേധിക്കുന്നു. കോലം കത്തിക്കുന്നത് അടക്കമുള്ള 'കത്തിക്കലുകള്‍' സമരമാര്‍ഗമാണെന്നിരിക്കെ 'പത്രം കത്തിക്കല്‍' മാത്രം വികാരപ്രകടനമാവില്ല. വാട്‌സ്ആപ്പും ഫേസ്ബുക്കുമൊക്കെ വ്യാപകമായ വര്‍ത്തമാനകാലത്ത് ഒരു വാര്‍ത്ത കത്തിപ്പടരാന്‍ നിമിഷനേരം മതി. അതിന്റെ അനുസ്ഫുരണങ്ങളാണ് മാതൃഭൂമിക്കെതിരേ 'സംഘടിതമായും ശക്തമായും' സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം. മാതൃഭൂമി പുനപ്രസിദ്ധീകരിച്ച അതേ മാലിന്യം തന്നെയാണ് ഹിന്ദുത്വ വലതുപക്ഷവും യുക്തിവാദികളും ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളും ഇടയ്ക്കിടെ യാത്രക്കാരുടെ മുഖത്തേക്കു വലിച്ചെറിയാറുള്ളത്. എല്ലാ വിഭാഗങ്ങളും ഒത്തുചേര്‍ന്നുണ്ടാവുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ശക്തി കുറയ്ക്കുന്നതിനാണ് ഇത്തരം പ്രകോപനങ്ങള്‍ വഴിവയ്ക്കുക. അതായിരിക്കാം ചില ഗ്രൂപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നത്. ി
Next Story

RELATED STORIES

Share it