ഫേസ്ബുക്കിനോട് കേന്ദ്രം വിശദീകരണം തേടി

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് കമ്പനിയായ കാംബ്രിജ് അനലറ്റിക്കയ്ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ ഫേസ്ബുക്കിനോടും വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്. കേന്ദ്ര ഐടി മന്ത്രാലയമാണ് ഏപ്രില്‍ 7ന് മുമ്പ് വിശദീകരണം നല്‍കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ വോട്ടര്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അപഹരിക്കപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ചു ചോദ്യങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്്.
ഇന്ത്യന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ കാംബ്രിജ് അനലറ്റിക്കയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും മന്ത്രാലയം ഫേസ്ബുക്കിനോട് ചോദിച്ചു. ഫേസ്ബുക്കിന് ഏറ്റവും അധികം ഉപഭോക്താക്കളുള്ള് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും, അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനുള്ള നിര്‍ദിഷ്ട നടപടികള്‍ ഫേസ്ബുക്ക് സ്വീകരിക്കേണ്ടതാണെന്നും നോട്ടീസില്‍ പറയുന്നു.
കാംബ്രിജ് അനലറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെ പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറിയതായി കാംബ്രിജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it