ഫേസ്ബുക്കിനും ട്വിറ്ററിനും ഉത്തരകൊറിയയില്‍ നിരോധനം

പ്യോങ്‌യാങ്: ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, വോയ്‌സ് ഓഫ് അമേരിക്ക, ദക്ഷിണകൊറിയന്‍ വെബ്‌സൈറ്റുകള്‍ തുടങ്ങിയവയ്ക്ക് ഉത്തരകൊറിയയില്‍ നിരോധനമേര്‍പ്പെടുത്തുന്നു. രാജ്യത്തെ രഹസ്യവിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ചോരാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.
ഇന്നലെയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പ്രധാന മൊബൈല്‍ സര്‍വീസ് പ്രൊവൈഡറായ കൊറിയോ ലിങ്കിലൂടെ പോസ്റ്റ്-ടെലഫോണ്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ വളരെ ചുരുങ്ങിയ അളവില്‍ മാത്രമേ ഉത്തരകൊറിയയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാവുന്നുള്ളൂ. സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തോടെയാണ് സൗകര്യം ലഭിച്ചുവരുന്നത്. വിദേശികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതിന് നിയന്ത്രണങ്ങളില്ലായിരുന്നു. അതേസമയം, പുതിയ നിരോധനം രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ബാധകമായിരിക്കും.
രാജ്യത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും ലോക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും അറിയുന്നതിന് പൗരന്മാര്‍ക്ക് അവസരം നിഷേധിക്കുന്നതായിരിക്കും നിരോധനം. വിലക്ക് നിശ്ചിതകാലത്തേക്കാണെന്നാണ് വിവരം. ലൈംഗിക വെബ്‌സൈറ്റുകള്‍ക്കും നിയന്ത്രണമുണ്ട്. ഉത്തരകൊറിയയില്‍ ഒരു മാസത്തോളമായി ഇന്റര്‍നെറ്റിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും വിധത്തില്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ കര്‍ശനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it