ഫെഡറല്‍ ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കുന്നു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പൊതുമേഖലാ സ്വഭാവം മാനേജ്‌മെന്റ് തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ജീവനക്കാരും ഓഫിസര്‍മാരും ജനുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ പണിമുടക്കുമെന്ന് എഫ്ബിഒഎ ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍ എഫ്ബിഇയു ജനറല്‍ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് കാലങ്ങളായി തുടര്‍ന്നുവരുന്ന ജനകീയ സൗഹൃദ ശൈലി പടിപടിയായി അവസാനിപ്പിക്കുകയാണ്. മാത്രമല്ല, ജനദ്രോഹപരമായി അമിത സര്‍വീസ് ചാര്‍ജുകളും മറ്റും ഈടാക്കാനൊരുങ്ങുകയുമാണ്. വിദേശ മൂലധനത്തിന്റെയും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി ബാങ്ക് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അടിയറവയ്ക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പുതുവര്‍ഷം മുതല്‍ അമിത സര്‍വീസ് ചാര്‍ജുകള്‍ നിലവില്‍വരും. ബാങ്കിന്റെ മേല്‍ത്തട്ടില്‍ പുറംകരാര്‍ വ്യവസ്ഥയില്‍ വന്‍ ആനുകൂല്യങ്ങള്‍ നല്‍കി നിയമിച്ച ഉദ്യോഗസ്ഥരാണ് ലാഭക്കൊതിയോടെ ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നത്. ജീവനക്കാര്‍ക്ക് അനുവദിച്ച സ്റ്റോക്ക് ഓപ്ഷന്‍ പോലും ഈ ഉദ്യോഗസ്ഥര്‍ സ്വന്തം പേരിലാക്കി.ചുരുങ്ങിയ കാലത്തെ സേവനത്തിനു ശേഷം കോടിപതികളായി ഇവര്‍ രംഗം വിടും. ഇവര്‍ വരുത്തുന്ന കിട്ടാക്കടങ്ങള്‍ ബാങ്കിന്റെ ബാധ്യതയായി മാറുമെന്നും സംഘടനകള്‍  ചൂണ്ടിക്കാട്ടുന്നു. സേവന മേഖലയില്‍ സുതാര്യമല്ലാത്ത വ്യവസ്ഥകള്‍ കൊണ്ടുവന്ന് ഓഫിസര്‍മാരെ വിവിധ തട്ടുകളിലാക്കുകയാണ്. വ്യക്തികളുടെ പ്രകടനം, വയസ്സ് എന്നിവ മുന്‍നിര്‍ത്തി 5000ത്തോളം വരുന്ന അവാര്‍ഡ് ജീവനക്കാരെ എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍ പരിധിയില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കി. 2.75 കോടി ഷെയറുകളാണ് ബാങ്കിന്റെ എംഡിക്ക് ഓഫര്‍ ലഭിച്ചത്. ഇതില്‍ 90 ലക്ഷം ഷെയറുകള്‍ സ്വീകരിച്ചപ്പോള്‍ 52 കോടി രൂപയുടെ നേട്ടം അദ്ദേഹം ഉണ്ടാക്കിയെന്നത് ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇതിനിടെ അച്ചടക്കത്തിന്റെ പേരു പറഞ്ഞ് ജീവനക്കാരെ അടിച്ചൊതുക്കാനും ശ്രമമുണ്ട്. 80 ലക്ഷത്തോളം വരുന്ന ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും മേല്‍ത്തട്ടില്‍ പുറംകരാര്‍ നിയമനങ്ങള്‍ ഒഴിവാക്കണമെന്നും സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. എഫ്ബിഒഎ വൈസ് പ്രസിഡന്റ്് അബ്ദുല്‍ നാസര്‍ എം പി, എഫ്ബിഇയു വൈസ് പ്രസിഡന്റ്് എ കെ വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it