Flash News

ഫുട്‌ബോള്‍ ലഹരിയില്‍ കേരളം : ദീപശിഖാ-ബോള്‍ റണ്‍ റാലികള്‍ നാളെ ആരംഭിക്കും



തിരുവനന്തപുരം/ കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫുട്‌ബോള്‍ ലഹരിയില്‍ കേരളം. മല്‍സരങ്ങള്‍ക്കു മുന്നോടിയായി ദീപശിഖാ-ബോള്‍ റണ്‍ റാലികള്‍ നടക്കും. നാളെ കാസര്‍കോട്ടു നിന്നു ദീപശിഖാ റാലിയും പാറശ്ശാലയില്‍ നിന്നു ബോള്‍ റണ്‍ റാലിയും ആരംഭിക്കും. ബോള്‍ റണ്‍ റാലി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ ജിജു ജേക്കബ്, എം രാജീവ് കുമാര്‍, വി പി ഷാജി തുടങ്ങിയവരാണ് ബോള്‍ റണ്‍ റാലി നയിക്കുക. രാവിലെ 9.30നു കാസര്‍കോട്ടു നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, കെ ബാലചന്ദ്രന്‍ എന്നിവര്‍ ദീപശിഖ ഏറ്റുവാങ്ങും. ദീപശിഖാ-ബോള്‍ റണ്‍ റാലികള്‍ 6നു വൈകീട്ട് എറണാകുളം ദര്‍ബാര്‍ ഹാളില്‍ സമാപിക്കും. കായികവകുപ്പിനു വേണ്ടി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, കലൂര്‍ സ്റ്റേഡിയത്തിനു സമീപം തയ്യാറാക്കിയ കൗണ്ടറില്‍ അണ്ടര്‍ 17 ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കളിപ്രേമികളുടെ തിരക്ക് വര്‍ധിച്ചു. അവധി ദിവസങ്ങള്‍ കൂട്ടമായി എത്തിയതോടെയാണ് കൗണ്ടറില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. സ്‌പെയിനും ബ്രസീലും ഏറ്റുമുട്ടുന്ന ആദ്യ മല്‍സരത്തിലെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുകഴിഞ്ഞു. ശേഷിക്കുന്ന കളികള്‍ക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ദൂരദേശത്തുനിന്നുള്ള ആരാധകര്‍ പോലും കലൂരില്‍ എത്തുന്നുണ്ട്. ഒക്‌ടോബര്‍ 22 വരെ സ്റ്റേഡിയത്തിലെ കൗണ്ടറുകള്‍ വഴി ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരമുണ്ടെങ്കിലും ഭൂരിഭാഗം ടിക്കറ്റുകളും തീര്‍ന്നുകഴിഞ്ഞതായാണ് വിവരം. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്കും അടുത്ത ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ കൗണ്ടറുകള്‍ വഴി വിതരണം ചെയ്യും.
Next Story

RELATED STORIES

Share it