kannur local

ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അക്രമം; ഗാലറി തകര്‍ത്തു

പഴയങ്ങാടി: മാടായിപ്പാറ പാളയം ഗ്രൗണ്ടില്‍ നടക്കുന്ന വോള്‍ക്കാനോ ഫുട്‌ബോള്‍ ഫെസ്റ്റില്‍ ടീമുകള്‍ എത്താത്തതില്‍ പ്രതിഷേധിച്ച് രോഷാകുലരായ കാണികള്‍ ഗാലറികളും കസേരകളും അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ യൂസുഫിനാണ് പരിക്കേറ്റത്.
സെവന്‍സ് ഫുട്‌ബോള്‍ മല്‍സരത്തിനായി ഒരുക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിന്റെ ലൈറ്റ് ആന്റ് സൗണ്ട് സംവിധാനങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമത്തി ല്‍ ഏഴു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെങ്ങര വോ ള്‍കാനോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവരുന്ന എ അഷ്‌റഫ് സ്മാരക 5ാമത് സ്വര്‍ണക്കപ്പിനായുള്ള മല്‍സരമാണ് വ്യാഴാഴ്ച രാത്രി 10ഓടെ സംഘര്‍ഷത്തില്‍ കലാശിച്ചത്.
അവസാന സെമി ഫൈനല്‍ മല്‍സരത്തില്‍ കിങ്‌സ് രാമന്തളിയും കരീബിയന്‍സ് തളിപ്പറമ്പും തമ്മിലായിരുന്നു മല്‍സരം. നേരത്തേ ഇരു ടീമുകളും തമ്മിലുള്ള മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് വ്യാഴാഴ്ച വീണ്ടും മല്‍സരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രാമന്തളി ടീം എത്താന്‍ വെകിയതിനെ കാണികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സ്റ്റേജിലേക്കും ഗ്രൗണ്ടിലേക്കും അതിക്രമിച്ച് കയറിയ കാണികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
സ്റ്റേജും മൈക്കും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകര്‍ത്തതോടെ ഗ്രൗണ്ടിന്റെ മറ്റ് ഭാഗങ്ങളും കൈയേറി. 200ഓളം ഫൈബര്‍ കസേരകളും നൂറോളം ട്യൂബുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. കസേരകള്‍ മൈതാനത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. ഇവ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്.
ഗാലറിക്കു വലിയ നാശമുണ്ടാക്കുകയും തീയിടാന്‍ ശ്രമം നടത്തുകയും ചെയ്തു. പഴങ്ങാടി എസ്‌ഐ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയാണ് കാണികളെ ശാന്തരാക്കിയത്. തുടര്‍ന്ന് സംഘാടകര്‍ മല്‍സരം ഉപേക്ഷിച്ചതായി അറിയിച്ചു. സംഘാടകരുടെ പരാതിയില്‍ പഴയങ്ങാടി പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it