Editorial

ഫുട്‌ബോള്‍ ഉല്‍സവത്തിന് തിരിതെളിയുമ്പോള്‍

നാളെ റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കുകയാണ്. ഒരു പന്തിനു ചുറ്റുമുരുളുകയാണ് ലോകം എന്നൊക്കെ പറയുന്നത് ആലങ്കാരിക പ്രയോഗമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെയും ഫുട്‌ബോള്‍ എന്ന കളിക്കുള്ള അനന്തസാധ്യതകളിലേക്ക് വാതില്‍ തുറക്കുകയാണ് ലോകം എന്നതു ശരിയാണ്. നിലത്ത് കാലുറപ്പിച്ചു നടക്കാന്‍ തുടങ്ങിയ മനുഷ്യന്‍ ആദ്യമായി പഠിച്ച കളിയാണ് ഫുട്‌ബോള്‍ എന്നത്രേ നരവര്‍ഗശാസ്ത്രജ്ഞരുടെ നിഗമനം. അതെന്തോ ആവട്ടെ, ലോകത്ത് ഏറ്റവും ജനപ്രീതിയാര്‍ജിച്ച കായികവിനോദമാണ് ഫുട്‌ബോള്‍. രാഷ്ട്രങ്ങള്‍ക്കതീതമായി, വന്‍കരകള്‍ക്കതീതമായി, വംശ വര്‍ഗ ദര്‍ശനഭേദങ്ങള്‍ക്കതീതമായി ഫുട്‌ബോള്‍ അതിന്റെ എല്ലാ നിറപ്പകിട്ടോടെയും എക്കാലത്തും നിലനില്‍ക്കുന്നു. ഫുട്‌ബോളിനെ സങ്കുചിത ചിന്തകള്‍ക്കും വംശീയ വികാരങ്ങള്‍ക്കും അതീതമായ വിശ്വമാനവികത വളര്‍ത്തിയെടുക്കുന്ന മൂല്യങ്ങളോട് ബന്ധിപ്പിക്കുന്ന കായിക പ്രണയികളും മൈതാനത്തേക്ക് കല്ലും മുള്ളും ബിയര്‍ കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് സ്‌നേഹരോഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഹൂളിഗന്‍മാരും ഈ കളിയുടെ ഭാഗമാണ്. പെലെയെയും യോഹാന്‍ ക്രൈഫിനെയും നെയ്മറെയും മെസ്സിയെയും നെഞ്ചിലേറ്റി ആരാധിക്കുന്ന ഫുട്‌ബോള്‍ പ്രണയികള്‍ തന്നെയാണ് എസ്‌കോബാറിനെ വെടിവച്ചുകൊന്നതും. ഈ കളിക്ക് ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും രണ്ടു മുഖങ്ങളുണ്ടെന്ന തിരിച്ചറിവോടെ വേണം സാബി വാകാ എന്ന ആര്‍പ്പുവിളിയുടെ ആന്തരാര്‍ഥങ്ങളിലേക്ക് കടക്കേണ്ടത്.
32 രാജ്യങ്ങളുടെ കായികപരീക്ഷണം മാത്രമല്ല ലോകകപ്പ്; റഷ്യയിലുരുളുന്ന പന്തിന് ചുറ്റും ലോകം മുഴുവനുമുണ്ട്. അതിന്റെ രാഷ്ട്രീയ സാമൂഹികതലങ്ങളും ലോകത്തെ പല തലത്തിലാണ് സ്വാധീനിക്കുന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഫുട്‌ബോള്‍ തങ്ങളുടെ വംശീയമേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ഉപാധിയാണ് പലപ്പോഴും. എന്നാല്‍, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും മറ്റും ഫുട്‌ബോള്‍ പ്രണയികള്‍ ഈ കളിയെ കൊളോണിയലിസത്തിനെതിരായുള്ള പ്രതിരോധായുധമായാണ് കാണുന്നത്. ഫാഷിസത്തെ ചെറുക്കുന്ന കളിയായും സ്ത്രീവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന കളിയായുമൊക്കെ ഫുട്‌ബോള്‍ പല നാടുകളില്‍ പല രീതികളില്‍ അവതരിച്ചിട്ടുണ്ട്. തങ്ങളെ അടിച്ചമര്‍ത്തിയ കൊളോണിയലിസ്റ്റുകളോടുള്ള മധുരപ്രതികാരമാണ് ഫ്രാന്‍സിനെ മൈതാനത്ത് തോല്‍പ്പിച്ചുവിടുമ്പോള്‍ സെനഗലിന്റേത്. ജോര്‍ജ് വിയയുടെ നൈജീരിയക്ക് അതൊരു വിമോചന സ്വപ്‌നമാണ്. അങ്ങനെ ഒരുപാട് തലങ്ങള്‍. ഇത്തരത്തില്‍ വ്യത്യസ്ത മാനങ്ങളുള്ള മറ്റൊരു കായികവിനോദം വേറെയില്ല. അതുകൊണ്ടാണ് ലോകകപ്പ് ഫുട്‌ബോളിന്റെ പന്തുരുളുമ്പോള്‍ ലോകവും ഒപ്പമുരുളുന്നത്.
ഫുട്‌ബോള്‍ കലയും കളിയും സാഹിത്യവും സിനിമയും സാമൂഹികശാസ്ത്രവുമൊക്കെയാണ്. അതിന്റെ സാമ്പത്തികശാസ്ത്രത്തെ ആധാരമാക്കി 'സോക്കര്‍ണോമിക്‌സ്' എന്നൊരു സംജ്ഞ തന്നെ ഉയര്‍ന്നുവന്നു. കളിക്കളത്തിലെ ഗോളിയുടെ ഏകാന്തതയെപ്പറ്റി എന്‍ എസ് മാധവന്‍ എഴുതിയ ഹിഗ്വിറ്റയിലെ രാഷ്ട്രീയം വിമര്‍ശിക്കപ്പെട്ടത് ഫുട്‌ബോള്‍ എങ്ങനെ ഗൗരവമായ സാഹിത്യ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. അറിയാത്ത ഒരുപാട് ഭൂഖണ്ഡങ്ങളിലേക്ക് തുറക്കുന്ന വാതിലാണ് ഫുട്‌ബോള്‍.
Next Story

RELATED STORIES

Share it