Flash News

ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കും: മന്ത്രി



കൊച്ചി: സംസ്ഥാനത്ത് ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. കളിക്കാര്‍ക്കായി ഹോസ്റ്റല്‍ സൗകര്യം, മികച്ച പരിശീലനം തുടങ്ങി ഫുട്ബോള്‍ കളിയുടെ ശാസ്ത്രീയ പരിശീലനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം 50 ഏക്കര്‍ സ്ഥലത്ത് ഫുട്ബോള്‍ അക്കാദമി തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ബോള്‍ റണ്‍, ദീപശിഖാ റാലി എന്നിവയുടെ സമാപനം എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്ന് ഒക്ടോബര്‍ 3ന് ആരംഭിച്ച ബോള്‍ റണ്ണും കാസര്‍കോട്ട് നിന്നാരംഭിച്ച ദീപശിഖാ പ്രയാണവും വൈകീട്ട് ആറോടെയാണ് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നത്. ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ദീപശിഖ ഏറ്റുവാങ്ങിയ മന്ത്രി, തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച തട്ടിലേക്ക് ദീപശിഖ പകര്‍ന്നു. ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടത്തിയ വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ജില്ലയായ കോഴിക്കോടിനുള്ള സമ്മാനം മന്ത്രി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന് കൈമാറി. 18 ലക്ഷത്തിലേറെ ഗോളടിച്ച് റെക്കോഡ് നേടിയതു സംബന്ധിച്ച രേഖ ബെസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധി മന്ത്രി എ സി മൊയ്തീന് കൈമാറി.
Next Story

RELATED STORIES

Share it