Flash News

ഫുട്‌ബോളിനൊപ്പം ലോകത്തോളം വളര്‍ന്ന സംഘാടകന്‍

സമദ്  പാമ്പുരുത്തി
കണ്ണൂര്‍: ഫുട്‌ബോള്‍ താരമല്ലെങ്കിലും ഫുട്‌ബോള്‍ സംഘാടനത്തില്‍ താരപ്പകിട്ടോടെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച പി പി ലക്ഷ്മണന്‍. ജീവിതം കാല്‍പ്പന്തുകളിയുടെ വളര്‍ച്ചയ്ക്കായി ഉഴിഞ്ഞുവച്ച അദ്ദേഹം, അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയിലൂടെ ലോകത്തോളം വളര്‍ന്നു. ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇന്ത്യക്ക് മികച്ച മേല്‍വിലാസം സമ്മാനിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാവുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു പി പി ലക്ഷ്മണന്‍. ഐ ലീഗും കടന്ന് താരത്തിളക്കവും ആരാധകസാന്നിധ്യവുംകൊണ്ട് സൂപ്പര്‍ ലീഗോളം വളര്‍ന്ന ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രഫഷനലിസം കൊണ്ടുവന്ന ഇന്ത്യ ന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) മുന്‍ അമരക്കാരന്‍കൂടിയായിരുന്നു ഈ കണ്ണൂര്‍ സ്വദേശി.
ഫുട്‌ബോളിന്റെ ഭാവി ശോഭനമാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1996ല്‍ ദേശീയ ലീഗും 2007 മുതല്‍ ഐ ലീഗും കൊണ്ടുവന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പ്രസിഡന്റും പി പി ലക്ഷ്മണന്‍ ഓണററി സെക്രട്ടറിയുമായിരുന്ന കമ്മിറ്റിയായിരുന്നു ഒരു ദശാബ്ദത്തിലേറെ കാലം ഇന്ത്യന്‍ ഫുട്‌ബോളിനെ നിയന്ത്രിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതാപകാലവും അതുതന്നെ. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായ കല്‍ക്കത്തയില്‍നിന്ന് മുന്‍ഷിയും കേരള ഫുട്‌ബോളിന്റെ ഈറ്റില്ലമായ കണ്ണൂരില്‍നിന്ന് ലക്ഷ്മണനും ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചു. എഐഎഫ്എഫ് സെക്രട്ടറിയുടെ ഓഫിസ് കണ്ണൂരിലെ തളാപ്പിലേക്ക് പറിച്ചുനട്ടത് പി പി ലക്ഷ്മണനായിരുന്നു. എന്നാല്‍, ആ സൗഹൃദത്തില്‍ പിന്നീട് വിള്ളലുണ്ടായി.
ഐ ലീഗിന്റെ തുടക്കകാലം. എഐഎഫ്എഫിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ്. ആയിടെ പി പി ലക്ഷ്മണന്‍ സാഫ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കിലും പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്ന മുന്‍ഷിയെ ലക്ഷ്മണന്റെ പുതിയ പദവി അലോസരപ്പെടുത്തി. ബാംഗ്ലൂരിലായിരുന്നു ഫെഡറേഷന്‍ ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും. പഴയ ടീം തന്നെ തുടരുമെന്നായിരുന്നു ലക്ഷ്മണന്റെ വിശ്വാസം. എന്നാല്‍, മുന്‍ഷി അവതരിപ്പിച്ച പാനലില്‍ ലക്ഷ്മണന് സെക്രട്ടറിസ്ഥാനം നഷ്ടമായി. മുന്‍ഷി പ്രസിഡന്റ്, പി പി ലക്ഷ്മണന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറിസ്ഥാനത്തേക്ക് അസം ഫുട്‌ബോള്‍ ഫെഡറേഷനിലെ കെ എന്‍ മോറെയും. അപ്രതീക്ഷിത തിരിച്ചടിക്കു മുന്നില്‍ ലക്ഷ്മണന്‍ ഒന്നു പതറി. പിന്നീട് നാലുവര്‍ഷം മോറെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സെക്രട്ടറിയായി. ഫലത്തില്‍ എല്ലാം മുന്‍ഷിയുടെ കൈയില്‍. കല്‍ക്കത്ത വീണ്ടും ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചുതുടങ്ങി.
ശാരീരിക അവശതകള്‍ അലട്ടിയിരുന്നെങ്കിലും ഫിഫ സബ് കമ്മിറ്റി അംഗം എന്ന നിലയില്‍ അദ്ദേഹം ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തില്‍ പങ്കാളിയായി. 2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പ്. ബര്‍ലിനില്‍ ലക്ഷ്മണന്‍ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിലേക്ക് ഒരു ഫോണ്‍. അതേ ഹോട്ടലില്‍ താമസിക്കുന്ന ഫെഡറേഷന്‍ പ്രസിഡന്റ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് മറുതലയ്ക്കല്‍. ബാംഗ്ലൂര്‍ സംഭവത്തിനു ശേഷം ഇരുവരും തമ്മില്‍ മുഖാമുഖങ്ങള്‍ വിരളമായിരുന്നു. ലക്ഷ്മണനെ കാണാന്‍ ആഗ്രഹമുണ്ടെന്നു മുന്‍ഷി. പിന്നീട് മുറിയിലെത്തിയ മുന്‍ഷി ബാംഗ്ലൂര്‍ സംഭവത്തിലെ കുറ്റബോധം ഏറ്റുപറഞ്ഞു. തെറ്റിദ്ധാരണകളില്‍ ക്ഷമചോദിക്കാനും മറന്നില്ല. ഒടുവില്‍ സന്തോഷത്തോടെയാണ് ഇരുവരും പിരിഞ്ഞത്.
Next Story

RELATED STORIES

Share it