wayanad local

ഫുട്പാത്തുകള്‍ തകര്‍ന്നു : കല്‍പ്പറ്റയില്‍ കാല്‍നടയാത്ര ദുര്‍ഘടം



കല്‍പ്പറ്റ: നഗരത്തില്‍ ഓടയില്‍ വീഴാതിരിക്കണമെങ്കില്‍ തലയുയര്‍ത്താതെ നടക്കണം. ശ്രദ്ധ അല്‍പം പാളിയില്‍ ഓടയില്‍ വീഴും. കുനിഞ്ഞുള്ള നടത്തത്തില്‍ മുന്നിലുള്ളവരുമായുള്ള കൂട്ടിയിടിയും ഭയക്കണം. ജില്ലാ ആസ്ഥാനമായ നഗരത്തിലെ ഫുട്പാത്തുകള്‍ തകര്‍ന്നിട്ട് കാലങ്ങളായെങ്കിലും നന്നാക്കാനുള്ള ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. നഗരത്തിലുടനീളമുള്ള ഫുട്പാത്തുകള്‍ തകര്‍ന്ന നിലയിലാണ്. സ്ലാബുകള്‍ മിക്കതും ഇളകിയും ഓടയില്‍നിന്ന് നീങ്ങിയുമാണുള്ളത്. ചിലയിടത്ത് സ്ലാബുകള്‍ പൊട്ടി ഓടയില്‍ വീണിട്ടുണ്ട്. സ്ലാബുകള്‍ പൊട്ടിയുണ്ടായ വിള്ളലുകള്‍ വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചുങ്കം ജങ്ഷന്‍ മുതല്‍ പുതിയ ബസ്‌സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളിലും ചുങ്കത്തുനിന്നു പഴയ സ്റ്റാന്റ് ഭാഗത്തേക്ക് പോവുന്നിടത്തുമെല്ലാം ഇതാണ് സ്ഥിതി. പ്രായമായവരും കൈക്കുഞ്ഞങ്ങളുമായി യാത്രചെയ്യുന്ന സ്ത്രീകളുമെല്ലാം സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഏറെ ദുരിതമനുഭവിക്കുന്നു. രാത്രികാലങ്ങളിലാണ് സ്ഥിതി ഭയാനകം. പലര്‍ക്കും ഓടയില്‍വീണ് പരിക്കേല്‍ക്കുകയാണ്. സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ വ്യാപാരികളും ബുദ്ധിമുട്ടുന്നു. ദുര്‍ഗന്ധം കാരണം കടകളില്‍ ഇരിക്കാനാവുന്നില്ല. ഫുട്പാത്തുകള്‍ നന്നാക്കുന്നതില്‍ നഗരസഭാ അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നു യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു. പരാതി നല്‍കിയിട്ടും സ്ലാബുകളുടെ അറ്റകുറ്റപ്പണി നടത്താനോ നടപ്പാത നവീകരിക്കാനോ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it