ഫിഷറീസ്, കശുവണ്ടി വികസനം: സഹായം നല്‍കുമെന്ന് യുഎന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനു സഹായം നല്‍കുമെന്നു യുഎന്നിന്റെ ഉറപ്പ്. ഈ മേഖലയിലെ വനിതാ ശാക്തീകരണത്തിനു സഹായം തേടി ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ  യുഎന്‍ ഏജന്‍സികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ്. യുഎന്‍ സഹായത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതിയുടെ രൂപരേഖ യുഎന്‍ വിമന്‍, യുനൈറ്റഡ് നാഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനേസേഷന്‍ (യുനിഡോ) എന്നിവയ്ക്കു മന്ത്രി കൈമാറി.
കശുവണ്ടി വ്യവസായത്തിനു പ്രാധാന്യമുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ആഗോള മൂല്യ ശൃംഖല രൂപപ്പെടുത്തിയെടുക്കുകയെന്നതാണു പദ്ധതി രേഖയിലെ പ്രധാന നിര്‍ദേശം. ടാന്‍സാനിയയിലെ കശുവണ്ടി വ്യവസായ മേഖലയ്ക്ക് 2011ല്‍ 24 കോടി രൂപ യുനിഡോ സഹായം നല്‍കിയിരുന്നു. ഈ മാതൃകയില്‍ കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയ്ക്കും സഹായം നല്‍കണം.
ഇതിനു പുറമേ യുനിഡോ സഹായത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി, രാജ്യാന്തര വിപണി ലഭ്യത ഉറപ്പുവരുത്തല്‍, ഉയര്‍ന്ന ആദായം നല്‍കുന്ന കശുമാവ് കൃഷി സംബന്ധിച്ച സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയും കശുവണ്ടി മേഖലയുടെ വികസനത്തിനു തയ്യാറാക്കിയ വിശദ പദ്ധതി രേഖയില്‍ പറയുന്നു.
Next Story

RELATED STORIES

Share it