Flash News

ഫിഷറീസ് കണക്കില്‍ മരിച്ചത് 52 പേര്‍; ദുരന്തനിവാരണ വകുപ്പിന് 60 പേര്‍

ടോമി മാത്യു

കൊച്ചി: മാസങ്ങള്‍ കഴിഞ്ഞിട്ടും  ഓഖി ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഫിഷറീസ് വകുപ്പ് നല്‍കിയ മറുപടിയില്‍ കേരളത്തില്‍ ആകെ 52 മല്‍സ്യത്തൊഴിലാളികള്‍ മരിച്ചെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, ദുരന്തനിവാരണ വകുപ്പ്  മരിച്ചവരുടെ എണ്ണം 60 ആണെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയുടെ അപേക്ഷയ്ക്ക് നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നു. ഫിഷറീസ് പറയുന്ന മരിച്ച 51 പേരില്‍ 50 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഒരാള്‍ കാസര്‍കോട്ട് നിന്നുള്ളതാണ്. ഓഖി ദുരന്തത്തില്‍പ്പെട്ട് കേരളത്തില്‍ നിന്നു 91 മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും ഇവര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നും വകുപ്പ് പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്. ദുരന്തബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളില്‍ നിന്നോ സംഘടനകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ സംഭാവന സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും നശിച്ച മല്‍സ്യബന്ധന യാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നഷ്ടം കണക്കാക്കി 3.08 കോടി രൂപയുടെ പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പരിക്കു പറ്റിയ 179 മല്‍സ്യത്തൊഴിലാളികള്‍ക്ക് ചികില്‍സാ ധനസഹായമായി 8,68,000 രൂപ മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നു നല്‍കിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, ദുരന്തനിവാരണ വകുപ്പ് നല്‍കിയിരിക്കുന്ന മറുപടിയില്‍ കേരളത്തില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 60 ആണെന്നാണ്  അണ്ടര്‍ സെക്രട്ടറി ഐ സുനിത പറയുന്നത്. തിരുവനന്തപുരം-54, കൊല്ലം-രണ്ട്, എറണാകുളം-രണ്ട്, കണ്ണൂര്‍-ഒന്ന്, കാസര്‍കോട്-ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍. കാണാതായവര്‍ 91 പേരാണെന്നും ഇവര്‍ തിരുവനന്തപുരം ജില്ലക്കാരാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി കേന്ദ്ര നിധിയില്‍ നിന്നു 133 കോടിയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 116 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കേന്ദ്ര പ്രതികരണ നിധിയില്‍ നിന്നു ലഭിച്ച 133 കോടി രൂപ സംസ്ഥാന പ്രതികരണ നിധിയില്‍ വകയിരുത്തി സംസ്ഥാന ദുരന്തപ്രതികരണ മാനദണ്ഡ പ്രകാരം മാത്രമേ വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക വര്‍ഷം അവസാനിച്ചാല്‍ ബാക്കി തുക ധനകാര്യ വകുപ്പിന് സറണ്ടര്‍ ചെയ്യുകയും ഈ തുക അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിക്കുന്നതിനായി സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് വകയിരുത്തി നല്‍കുകയും ചെയ്യും. ദുരിതാശ്വാസ നിധിയില്‍ നിന്നു 116 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത് മരിച്ചയാളുടെ ആശ്രിതന് രണ്ടുലക്ഷം രൂപ വീതം നല്‍കുന്നതിനാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it