ഫിലിപ്പീന്‍സ്: ഐഎസ് പ്രവര്‍ത്തകരെന്നു കരുതുന്ന 54 പേരെ വധിച്ചെന്ന് സൈന്യം

മനില: ഫിലിപ്പീന്‍സില്‍ ഐഎസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് രൂപീകരിച്ചതെന്നു കരുതുന്ന മഉത് സായുധസംഘടനയിലെ അംഗങ്ങളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ 54 പേരെ വധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തെക്കന്‍ ലെനാവോ ദെല്‍ സുര്‍ പ്രവിശ്യയിലെ ബുതിങ് നഗരത്തില്‍ സായുധസംഘത്തെ തുരത്താനുള്ള ദൗത്യം ആരംഭിച്ചതെന്ന് സൈനികവക്താവ് മേജര്‍ ഫൈല്‍മോണ്‍ അറിയിച്ചു. സംഘര്‍ഷം തുടരുകയാണ്. രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം രണ്ടു സോമില്‍ തൊഴിലാളികളെ കഴുത്തറുത്തു കൊന്ന സംഘത്തെ പിടികൂടുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്നും വക്താവ് അറിയിച്ചു. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ചാണ് തൊഴിലാളികളെ സംഘം തലയറുത്ത് കൊന്നത്. ഐഎസിന്റേതെന്നു കരുതപ്പെടുന്ന രീതിയാണിത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൈന്യത്തിനു ലഭിച്ചിട്ടില്ല. അവ വിമതര്‍ തന്നെ കൊണ്ടുപോയെന്നാണ് കരുതുന്നത്. മഉത് സംഘത്തില്‍ പെട്ടവര്‍ ഐഎസ് മുദ്രയുള്ള കറുത്ത വസ്ത്രമാണ് ധരിക്കാറെന്നും സൈന്യം പറയുന്നു.
Next Story

RELATED STORIES

Share it