Flash News

ഫിലിപ്പീന്‍സ് ഏറ്റുമുട്ടല്‍ : മറാവിയില്‍ നൂറിലധികംമൃതദേഹങ്ങള്‍ കണ്ടെത്തി



മനില: ഫിലിപ്പീന്‍സ് സേനയും ഐഎസ് ബന്ധമുള്ള സായുധ സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മാറാവി നഗരത്തില്‍ നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരാണ് ഇവരെന്ന് പ്രദേശത്ത് ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രാദേശിക പൊതുപ്രവര്‍ത്തകനായ സിയ അലോന്‍ഡോയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ഏറ്റുമുട്ടല്‍ തുടരുന്ന നഗരത്തില്‍ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ സന്നദ്ധസംഘടനകള്‍ തുടരുകയാണ്. ഇതിനായി സമാധാന ഇടനാഴികളാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് ഇരയാവുമെന്ന ഭയത്തില്‍ കൂടുതല്‍ പേരും പുറത്തുവരാന്‍ തയ്യാറാകുന്നില്ലെന്നും അലോന്‍ഡോ വെളിപ്പെടുത്തുന്നു.  ഇത്തരത്തില്‍ തുടരുന്ന കുടുംബങ്ങളില്‍ ഇതിനോടകം വെള്ളവും ഭക്ഷണവും അടക്കമുള്ള അവശ്യവസ്തുക്കള്‍ ലഭ്യമല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. മറാവി ഉള്‍പ്പെടുന്ന മിന്‍ഡാനോ മേഖലയില്‍ ആകമാനം ആയുധനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളടക്കമുള്ളവരെ അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്യാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, മറാവിയില്‍ കനത്ത പോരാട്ടം തുടരുമ്പോഴും നഗരത്തിലെ ഗവണ്‍മെന്റ് സ്ഥാനങ്ങളടക്കമുള്ളവയ്ക്കു മുകളില്‍ ഐഎസ് പതാകകള്‍ ഉയത്തിയ അവസ്ഥയാണ് ഉള്ളതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. അതേസമയം, ഐഎസിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സംഘടനയുടെ മുതിര്‍ന്ന നേതാവിനെ തീരനഗരമായ കാകയാനില്‍ നിന്നും അറസ്റ്റ് ചെയ്തതായി ഫിലിപ്പീന്‍സ് സൈനിക വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it