ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്  ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു: സിന്‍ഹ

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ പദവി താ ല്‍ക്കാലികമായി സ്വീകരിക്കാന്‍ താനൊരുക്കമായിരുന്നുവെന്ന് ബിജെപി നേതാവും ബോളിവുഡ് നടനുമായ ശത്രുഘ്‌നന്‍ സി ന്‍ഹ. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനോട് രാജിവയ്ക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉചിതമായ കത്ത് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രക്ഷോഭ സമയത്ത് രാഹുല്‍, നഗ്മ, രാജ് ബബ്ബാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചു. അവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കണ്ടു. ആ സന്ദര്‍ഭത്തില്‍ ഇടപെടുന്നത് നന്നാവില്ലെന്ന് ചില ബിജെപി നേതാക്കള്‍ കരുതി. സര്‍ക്കാരിനെ സംബന്ധിച്ച് ചെയര്‍മാന്‍ പദവിയില്‍ ചൗഹാനെ നിലനിര്‍ത്തുക എന്നത് അഭിമാന പ്രശ്‌നമായി- ഇന്‍സ്റ്റിറ്റിയൂട്ടിലെ മുന്‍ വിദ്യാര്‍ഥി കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. എന്നാല്‍ സമരം ഫലപ്രാപ്തിയിലെത്തുകയുണ്ടായില്ല.
കഴിഞ്ഞ ആഗസ്തില്‍ അര്‍ധരാത്രിയില്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത നടപടിയെ സി ന്‍ഹ അപലപിച്ചു.
Next Story

RELATED STORIES

Share it