ഫിറ്റ്‌നസ് ചലഞ്ച്: നരേന്ദ്രമോദി വീഡിയോ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയില്‍ യോഗയും വ്യായാമവും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. തന്റെ ട്വിറ്റര്‍ പേജില്‍ രാവിലെ ഒമ്പതുമണിയോടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആണ് ഫിറ്റ്‌നസ് ഫോ ര്‍ ഇന്ത്യ എന്ന പേരില്‍ ചലഞ്ചിന് തുടക്കമിട്ടത്. രാജ്യവര്‍ധന്‍ സിങ് ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയെ ഫിറ്റ്‌നസ് വീഡിയോ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. മാത്രമല്ല, നരേന്ദ്രമോദിയെ ഫിറ്റ്‌നസ് വീഡിയോ തയ്യാറാക്കാ ന്‍ വെല്ലുവിളിക്കുകയും ചെയ്തു.
കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്നും അധികം വൈകാതെ വീഡിയോ പുറത്തുവിടുമെന്നും അറിയിച്ച് നരേന്ദ്രമോദി രംഗത്തെത്തി. വെല്ലുവിളി സ്വീകരിച്ച് രണ്ടാഴ്ചയിലധികം പിന്നിടുമ്പോഴാണ് മോദി വീഡിയോ പുറത്തുവിട്ടത്. തന്റെ ഔദ്യോഗിക വസതിയില്‍ യോഗ ചെയ്യുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും വീഡിയോ ആണ് മോദി പുറത്തുവിട്ടത്. സെവന്‍ ലോക് കല്യാണ്‍ മാര്‍ഗ് എന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടു ന്നത്. നേരത്തേ ഇത് സെവന്‍ റെയ്‌സ്‌കോഴ്‌സ് റോഡ് എന്നായിരുന്നു.
വീഡിയോ പുറത്തുവിട്ട മോദി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മണിക ബദ്രയെയും ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചിട്ടുണ്ട്.
മോദിയുടെ വെല്ലുവിളിക്ക് എച്ച് ഡി കുമാരസ്വാമി ട്വിറ്ററിലൂടെ ഉടനടി മറുപടിയും നല്‍കി. ''എന്റെ ആരോഗ്യത്തിലും ഫിറ്റ്‌നസിലും താങ്കള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടെന്ന് അറിഞ്ഞതില്‍ നന്ദിയുണ്ട്. എന്റെ ദിവസേനയുള്ള വ്യായാമമുറയുടെ ഭാഗമായി യോഗ ചെയ്യാറുണ്ട്. എന്നേക്കാളും എന്റെ സംസ്ഥാനത്തിന്റെ ഫിറ്റ്‌നസിലാണ് എനിക്കു കൂടുതല്‍ ആശങ്ക. അതു പരിഹരിക്കാന്‍ വേണ്ട പിന്തുണ താങ്കളില്‍നിന്നു പ്രതീക്ഷിക്കുന്നു''- കുമാരസ്വാമി ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it