Flash News

ഫിഫ സംഘത്തിന്റെ അന്തിമ പരിശോധന ഇന്ന് : പരിശീലന മൈതാനങ്ങളുടെ പണി പൂര്‍ത്തിയാവാത്തതില്‍ ആശങ്ക



കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച അന്തിമ പരിശോധനയ്ക്കായി ഫിഫ ടീം ഇന്ന് കൊച്ചിയിലെത്തും. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് അവസാനഘട്ട പരിശോധനകള്‍ക്കായി സ്റ്റേഡിയവും മറ്റ് പരിശീലന മൈതാനങ്ങളും സന്ദര്‍ശിക്കുന്നത്. രാവിലെ 11 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തുന്ന സംഘം പ്രധാന സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് അവലോകനയോഗം ചേരും. പിന്നീട് പരിശീലന മൈതാനങ്ങളായ പനമ്പള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകളിലുമെത്തി പുരോഗതി വിലയിരുത്തും.  ഈ മാസം 15 നകം കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഫിഫ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും പരിശീലന മൈതാനങ്ങളുടെ പണി പുരോഗമിക്കാത്തതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫ്‌ളെഡ് ലൈറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുവാനുണ്ട്.  ഫിഫ നിര്‍ദേശിച്ച പ്രകാരമുള്ള പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് നോഡല്‍ ഓഫിസര്‍  മുഹമ്മദ് ഹനീഷ് പറഞ്ഞു. മല്‍സര വേദിയായ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ ഗാലറിയിലെ കസേര സ്ഥാപിക്കല്‍,അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയും പൂര്‍ത്തിയായി. കളിക്കാര്‍ക്കുള്ള മുറികളുടെ നവീകരണ ജോലികള്‍ മാത്രമാണ് തീരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it