ഫിഫ മേധാവിയെ ഇന്നറിയാം

സൂറിച്ച്: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പുതിയ മേധാവിയെ ഇന്നു തിരഞ്ഞെടുക്കും. സൂറിച്ചിലെ ഹല്ലെന്‍സ്റ്റാഡിയനിലാണ് ഫിഫ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിയോടെ ആരംഭിക്കുന്ന തിരഞ്ഞെടുപ്പില്‍ 11 മണിക്കു ശേഷം വിജയിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറെ ശ്രദ്ധേയമാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 2002 മുതല്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച് റെക്കോഡിട്ട സെപ് ബ്ലാറ്റര്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ബ്ലാറ്ററുടെ പകരക്കാരനായി വന്നേക്കുമെന്ന് കരുതപ്പെട്ട യുവേഫ മേധാവി മിഷയേല്‍ പ്ലാറ്റിനിയും അഴിമതിയെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതോടെ ഫിഫയില്‍ പുതിയ മേധാവിയെ ഇത്തവണ കാണാനാവും.
പ്രസിഡന്റ് സ്ഥാനം മോഹിച്ച് അഞ്ചു പേരാണ് മല്‍സരരംഗത്തുള്ളത്. ഷെയ്ഖ് സല്‍മാന്‍ ബിന് ഇബ്രാഹിം അല്‍ ഖലീഫ (എഎഫ്‌സി പ്രസിഡന്റ്), ജിയാനി ഇന്‍ഫാന്റിനോ (യുവേഫ ജനറല്‍ സെക്രട്ടറി), പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസയ്ന്‍ (മുന്‍ ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം), ടോക്യോ സെക്‌സ്‌വെല്‍ (ദക്ഷിണാഫ്രിക്കന്‍ വംശജന്‍), ജെറാം ഷാംപയ്ന്‍ (ബ്ലാറ്ററുടെ മുന്‍ ഉപദേഷ്ടാവ്) എന്നിവരാണ് പ്രസിഡന്റ് സ്ഥാനം മോഹിക്കുന്നത്.
വോട്ടിങിനു മുമ്പ് ഫിഫ കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച് 15 മിനിറ്റ് സംസാരിക്കാന്‍ മല്‍സരാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.
Next Story

RELATED STORIES

Share it