ernakulam local

ഫിഫ പരിശീലനത്തിനായി ലക്ഷങ്ങള്‍ മുടക്കിയ മൈതാനം നാല്‍ക്കാലികള്‍ കയ്യടക്കി



മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ ഫിഫ അണ്ടര്‍ 17 പരിശീലന മൈതാനിയായ പരേഡ് മൈതാനം കയ്യടക്കി നായകളും കന്നുകാലികളും വിലസുന്നു. ഫിഫ അധികാരികളുടെ നിര്‍ദേശ പ്രകാരം ലക്ഷങ്ങള്‍ മുടക്കി പ്രത്യേകതരം പുല്ലുകളാണ് മൈതാനത്ത് നട്ടുപിടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഈ പുല്ലുകള്‍ എല്ലാം തന്നെ കിളിര്‍ത്തു.എന്നാല്‍ വ്യാഴാഴ്ച വെയില്‍ തെളിഞ്ഞതോടെ കന്നുകാലികളും ആടുകളും ഒപ്പം നായകളും ഗ്രൗണ്ട് കയ്യടക്കി.  ഓടിക്കാന്‍ ചെന്ന വ്യക്തിയെ കന്നുകാലികള്‍ ഓടിച്ചിടുകയും ചെയ്തു. നായകളാട്ടെ മാന്തി കുഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ മാസം ഫിഫ അധികൃതര്‍ മൈതാനി സന്ദര്‍ശിച്ചപ്പോള്‍ മൈതാനത്ത് ആടുകള്‍ പുല്ല് കടിച്ചു തിന്നുന്നത് കാണുകയും പത്ത് ദിവസത്തിനുള്ളില്‍ മൈതാനത്തിന് ചുറ്റുവേലി കെട്ടുന്നതിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍ദേശം പാലിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനിടെ കനത്ത മഴ കൂടി വന്നതോടെ ചുറ്റുവേലി കെട്ടല്‍ ത്രിശങ്കുവിലായി. പരേഡ് മൈതാനി പൈതൃക മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവിടെ ചുറ്റുവേലി കെട്ടുന്നതിന് ഒരു കൂട്ടര്‍ എതിര്‍ക്കുന്നുണ്ട്. ഇതും വേലി കെട്ടുന്നതിനെ പ്രതികൂലമായി ബാധിച്ചു. ഇതോടെയാണ് മൈതാനം നായകളും കന്നുകാലികളും കയ്യടക്കിയിരിക്കുന്നത്. അടിയന്തരമായി ചുറ്റുവേലി കെട്ടിയില്ലെങ്കില്‍ വച്ചുപിടിപ്പിച്ച പുല്ലുകള്‍ കന്നുകള്‍ തിന്നുതീര്‍ക്കുമെന്ന് മുതിര്‍ന്ന ഫുട്‌ബോള്‍ പരിശീലകന്‍ റൂഫസ് ഡിസൂസ പറഞ്ഞു.
Next Story

RELATED STORIES

Share it