Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ : പോര്‍ച്ചുഗലിന് സെമിയിലേക്ക് ഒരു സമനില ദൂരം



കസാന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാന്‍ പോര്‍ച്ചുഗല്‍ ഇന്ന് ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. അവസാന മല്‍സരത്തില്‍ ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത പോര്‍ച്ചുഗലിന് ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ പോലും സെമി ഫൈനല്‍ ഉറപ്പിക്കാം. എന്നാല്‍ ആദ്യത്തെ രണ്ട് മല്‍സരങ്ങളും തോറ്റ ന്യൂസിലന്‍ഡിന്റെ കോണ്‍ഫെഡറേഷന്‍ കപ്പിലെ മോഹങ്ങള്‍ ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്.മികച്ച ഫോമില്‍ കളിക്കുന്ന പോര്‍ച്ചുഗലിന് തന്നെയാണ് ഇന്നത്തെ മല്‍സരത്തിലും മുന്‍തൂക്കം. കളം നിറഞ്ഞ് കളിക്കുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലക്ഷ്യം തെറ്റാത്ത കാലുകള്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. പ്രതിരോധ നിരയില്‍ പെപ്പെയും ഗുരൈറോയും സെഡ്രിക്കും ആല്‍വസും അണിനിരക്കുന്ന പോര്‍ച്ചുഗലിനെ വീഴ്ത്താന്‍ നിലവിലെ ഫോമില്‍ ന്യൂസിലന്‍ഡിന് പ്രയാസമാണ്. ആദ്യ മല്‍സരത്തില്‍ റഷ്യയോട് എതിരു പറയാനില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ ന്യൂസിലന്‍ഡ് രണ്ടാം മല്‍സരത്തില്‍ മെക്‌സിക്കോയോട് 1-0നും പരാജയം ഏറ്റുവാങ്ങി. അതേസമയം പോര്‍ച്ചുഗലിന്റെ ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോയോട് 2-2 സമനില വഴങ്ങിയിരുന്നു. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുകളുള്ള പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണുള്ളത്.ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ റഷ്യയും മെക്‌സിക്കോയും തമ്മില്‍ ശക്തി പരീക്ഷിക്കും. സ്വന്തം കളിത്തട്ടില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ സെമി പോലും കാണാതെ പുറത്താവാതിരിക്കണമെങ്കില്‍ ഇന്നത്തെ മല്‍സരത്തില്‍ റഷ്യക്ക് ജയം അനിവാര്യമാണ്. ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗല്ലിനെ സമനിലയില്‍ തളച്ച മെക്‌സിക്കോ രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് വിജയിച്ചു. എന്നാല്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് തുടങ്ങിയ റഷ്യ രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടു. രണ്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യക്ക് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പിക്കാം. നിലവില്‍ നാല് പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് മെക്‌സിക്കോയുള്ളത്.
Next Story

RELATED STORIES

Share it