Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് : സമനിലക്കുരുക്ക് അഴിക്കാന്‍ പറങ്കിപ്പട



കസന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ന് നടക്കുന്ന പോരാട്ടങ്ങളില്‍ കരുത്തരായ പോര്‍ച്ചുഗല്‍ ആതിഥേയരായ റഷ്യയുമായി പോരടിക്കുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ മെക്‌സിക്കോ ന്യൂസിലന്‍ഡുമായും കൊമ്പുകോര്‍ക്കും.ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഒറ്റയാന്‍ പട നയിക്കുന്ന പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരക്കാരാണ്. റഷ്യ സ്വന്തം തട്ടകത്തിന്റെ ആധിപത്യം നന്നായി മുതലെടുക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ചാംപ്യന്‍ഷിപ്പിന്റെ ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റഷ്യ കീഴടക്കിയപ്പോള്‍ പോര്‍ച്ചുഗല്ലിന് മെക്‌സിക്കോയ്ക്ക് മുന്നില്‍ 2-2 സമനില വഴങ്ങേണ്ടി വന്നു.ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പോര്‍ച്ചുഗല്‍ നിരയില്‍ താരപ്പകിട്ടേറെയാണെങ്കിലും കളിക്കളത്തില്‍ റഷ്യയെ വെല്ലാന്‍ മികച്ച പ്രകടനം തന്നെ പറങ്കികള്‍ക്ക് പുറത്തെടുക്കേണ്ടി വരും. റൊണാള്‍ഡോയ്‌ക്കൊപ്പം റാഫേല്‍ ഗുരൈയ്‌റോ, ബ്രൂണോ ആല്‍വസ്, ജോസ് ഫോണ്ടി, ആന്‍ഡ്ര ഗോമസ്, വില്യം കാല്‍വല്ലോ, ആന്‍ഡ്ര സില്‍വ എന്നിവരെല്ലാം പോര്‍ച്ചുഗല്ലിന് വിജയം സമ്മാനിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്.  പരിശീലകന്‍ സ്്റ്റാനിസ്ലാവ് ചെര്‍ഷെസോവിന്റെ തന്ത്രങ്ങളാണ് റഷ്യയുടെ പ്രധാന കരുത്ത്. വാസിലി ബെറെസുറ്റ്‌സ്‌കിയും സെര്‍ജി ഇഗ്‌നാഷെവിച്ചും കളിമതിയാക്കിയതിന്റെ വിടവ് നികത്താന്‍ ഇപ്പോഴത്തെ റഷ്യന്‍ നിരയില്‍ ആളില്ല എന്നതാണ് സത്യം. മുന്‍നിരയില്‍ ദിമിത്രി പോളാസ്, അലെക്‌സാണ്ടര്‍ ബുക്‌റോവ്, ഫയദോര്‍ സ്‌മോളോവും കരുത്ത് പകരാനുണ്ട്. ഗോള്‍ വലകാക്കാന്‍ ഇഗോര്‍ അക്കിന്‍ഫീവാണ് റഷ്യക്കൊപ്പമുള്ളത്. ന്യൂസിലന്‍ഡിനെതിരേ വിജയത്തിലേക്ക് നയിച്ച സ്‌മോളോവിന്റെ പ്രകടനം പോര്‍ച്ചുഗല്ലിനെതിരെയും ആവര്‍ത്തിക്കുമെന്ന പ്രത്യാശയിലാണ് റഷ്യയുള്ളത്. അലക്‌സാണ്ടര്‍ ഗൊളോവിന്‍, ദിമിത്രി പോളാസ്, വിക്ടോര്‍ വാസിന്‍, ജോര്‍ജി സിക്കിയ എന്നിവരും പോര്‍ച്ചുഗല്ലിന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന താരങ്ങളാണ്.അവസാന അഞ്ച് മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇരു ടീമുകളും തുല്യത പുലര്‍ത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. റഷ്യ അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ഐവറി കോസ്റ്റിനോട് തോറ്റപ്പോള്‍ പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സ്വീഡനോട് പരാജയപ്പെട്ടു. അവസാനമായി ഇരു ടീമുകളും മുഖാമുഖം വന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്ലിനെ 1-0ന് റഷ്യ തോല്‍പ്പിച്ചിരുന്നു. ഇരുവരും അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മല്‍സരങ്ങളില്‍ രണ്ട് ജയം വീതം ഇരു ടീമുകളും പങ്കിട്ടപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ പിരിഞ്ഞു.
Next Story

RELATED STORIES

Share it