Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് : പോര്‍ച്ചുഗലിന് തോല്‍വി ; ചിലി ഫൈനലില്‍



കസന്‍: എട്ട് വമ്പന്‍മാര്‍ പരസ്പരം ശക്തി പരീക്ഷിച്ച ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ അവസാന പോരാട്ടത്തിനുള്ള പാതിവിധി കുറിക്കപ്പെട്ടു. കപ്പില്‍ മുത്തമിടാനുള്ള കലാശക്കളിയില്‍ ഒരു ഭാഗത്ത് ചിലി അണിനിരക്കും. സെമിഫൈനല്‍ പോരാട്ടത്തില്‍ യൂറോപ്യന്‍ വമ്പന്മാരായ പോര്‍ച്ചുഗലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചാണ് ലാറ്റിനമേരിക്കന്‍ ചാംപ്യന്മാര്‍ ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായി അവസാനിച്ച മല്‍സരത്തില്‍ പോര്‍ച്ചുഗലിന്റെ മൂന്ന് കിക്കുകള്‍ വലയിലെത്താതെ സൂക്ഷിച്ച ചെമ്പടയുടെ ക്ലാഡിയോ ബ്രാവോയാണ് ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. ഇരുടീമുകള്‍ക്കും തുറന്ന അവസരങ്ങള്‍ ലഭിച്ചു കൊണ്ടാണ് ആവേശകരമായ കളി തുടങ്ങിയത്. ആറാം മിനിറ്റില്‍ സാഞ്ചസിന്റെ പാസ്സില്‍ നിന്ന് വാര്‍ഗസിന് ലഭിച്ച അവസരം മുതലെടുക്കാന്‍ പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ പാട്രിഷ്യോ സമ്മതിച്ചില്ല. പിന്നാലെ റൊണാള്‍ഡോയുടെ പാസ്സ് ഗോളാക്കി മാറ്റാനാവാതെ ആന്ദ്രെ സില്‍വ പോര്‍ച്ചുഗലിന്റെ അവസരവും നഷ്ടമാക്കി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യപകുതിയില്‍ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ചെമ്പടയ്ക്കായിരുന്നു. എന്നാല്‍, ഏഴ് തവണ ഗോളിന് ശ്രമിച്ച പറങ്കിപ്പടയാണ് ഗോള്‍ ശ്രമങ്ങളില്‍ മുന്നിട്ടു നിന്നത്. രണ്ട് തവണ വലയിലെന്ന് ഉറപ്പിച്ച ഷോട്ടുകള്‍ ബ്രാവോ സേവ് ചെയ്തു. രണ്ടാം പകുതിയിലും മറിച്ചായിരുന്നില്ല കണക്കുകള്‍. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് ചിലിയായിരുന്നു. പക്ഷേ, ഇളകാത്ത പോര്‍ച്ചുഗല്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ പാട്രിഷ്യോയും ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് പറങ്കിപ്പടയെ കാത്തു. ആറു തവണ ഗോളിന് ശ്രമിച്ച റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും ലക്ഷ്യം കണ്ടെത്താനായില്ല. 83, 86 മിനിറ്റുകളിലായി പകരക്കാരെ കളത്തിലിറക്കിയിട്ടും ഇരുടീമിനും വലകുലുക്കാനായില്ല. അതോടെ അധികസമയത്തേക്ക് നീണ്ട മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ പരുക്കന്‍ കളിയാണ് കാഴ്ചവച്ചത്. മൂന്ന് താരങ്ങളാണ് തുടര്‍ന്ന് മഞ്ഞക്കാര്‍ഡ് കണ്ടത്. അരമണിക്കൂര്‍ പൊരുതിയപ്പോഴും ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചില്ല. തുടര്‍ന്ന് വിധിയെഴുത്ത് നടന്നത് പെനല്‍റ്റി ഷൂട്ടൗട്ടില്‍. ചിലിയുടെ വിദാല്‍, ആരന്‍ഗ്വിസ്, സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ പോര്‍ച്ചുഗലിന്റെ ക്വാരെസ്മ, മൗട്ടീഞ്ഞോ, നാനി എന്നിവരുടെ കിക്കുകള്‍ ബ്രാവോ സേവ് ചെയ്തു. അതോടെ 3-0ന്റെ ജയത്തിനൊപ്പം ചിലി കപ്പിലേക്കുള്ള ദൂരം കുറച്ചു. ചിലിയുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലാണിത്.
Next Story

RELATED STORIES

Share it