Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് : ഉദ്ഘാടനം ഉഷാറാക്കി ആതിഥേയര്‍



സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കോണ്‍ഫെഡറേഷന്‍ കപ്പ് ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യക്ക് ഏകപക്ഷീയ ജയം. ഒഎഫ്‌സി നാഷനല്‍ ചാംപ്യന്മാരായ ന്യൂസിലന്‍ഡിനെതിരേ എതിരില്ലാത്ത രണ്ട് ഗോളില്‍ റഷ്യ ജയം കണ്ടപ്പോള്‍ ആരാധകര്‍ക്ക് ആവേശകരമായ തുടക്കമായി അത്. ഉദ്ഘാടന മല്‍സരത്തിന്റെ 31ാം മിനിറ്റില്‍ ന്യൂസിലന്‍ഡിന്റെ മിഷേല്‍ ബോക്‌സാലിന്റെ സെല്‍ഫ് ഗോളില്‍ റഷ്യ ആദ്യ പകുതി തന്നെ ആധിപത്യം നേടിയിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ 69ാം മിനിറ്റില്‍ സ്‌മൊലോഫും ന്യൂസിലന്‍ഡിന്റെ വലകുലുക്കി ജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ യൂറോപ്യന്‍ ശക്തികളായ പോര്‍ച്ചുഗലും കോണ്‍കാഫ് ജേതാക്കളായ മെക്‌സിക്കോയും കൊമ്പു കോര്‍ക്കുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ കാമറൂണും ചിലിയും ഏറ്റുമുട്ടും. ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ യൂറോ കപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍ കപ്പും പോര്‍ച്ചുഗലിലെത്തിക്കാന്‍ ഉറപ്പിച്ചാണ് റഷ്യയിലെത്തിയിരിക്കുന്നത്. ആദ്യമായി കോണ്‍ഫെഡറേഷന്‍ മല്‍സരിക്കുകയാണ് പോര്‍ച്ചുഗല്‍. മറുവശത്ത് വരുന്നതാവട്ടെ കോണ്‍കാഫിന്റെ നെറുകയിലേറിയ മെക്‌സിക്കോ. 1999ല്‍ കരുത്തരായ ബ്രസീലിനെ മലര്‍ത്തിയടിച്ച് കിരീടം ചൂടിയ പാരമ്പര്യമുള്ള മെക്‌സിക്കോ അവസാനം കളിച്ച 13 മല്‍സരങ്ങളില്‍ 12ലും വിജയം കൈവരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വന്‍കരയുടെ അധിപരായ കാമറൂണിന് ചിലി അത്ര ഭയപ്പെടുത്തുന്ന എതിരാളികളല്ല. ഇംഗ്ലീഷ് സ്റ്റൈല്‍ സമന്വയിച്ച ലാറ്റിനമേരിക്കന്‍ കരുത്താണോ, അതോ ആഫ്രിക്കന്‍ വിരുതാണോ ആദ്യ മല്‍സരത്തില്‍ അദ്ഭുതം കാട്ടുകയെന്ന് കണ്ടു തന്നെ അറിയാം.
Next Story

RELATED STORIES

Share it