Flash News

ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ ; സ്റ്റേഡിയങ്ങള്‍ ഒരാഴ്ചയ്ക്കകം തയ്യാറാവും ; മുഖ്യമന്ത്രി ചെയര്‍മാനായി സംഘാടക സമിതി



കൊച്ചി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കൊച്ചിയിലെ മല്‍രങ്ങളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ 45 അംഗങ്ങളാണുള്ളത്. കായിക മന്ത്രി എ സി മൊയ്തീനാണ് വര്‍ക്കിങ് ചെയര്‍മാന്‍. ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ എ പി എം മുഹമ്മദ് ഹനീഷ് ജനറല്‍ കണ്‍വീനറാണ്. മേയര്‍ സൗമിനി ജെയിന്‍, കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാ കലക്ടര്‍  കെ മുഹമ്മദ് വൈ സഫീറുള്ള, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ സി എന്‍ മോഹനനാണ് വെന്യൂ ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരടക്കം 36 പേരാണ് ഉപദേശക സമിതിയിലുള്ളത്. അഞ്ച് ഫിഫ പ്രതിനിധികളെയും സംഘാടക സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു പരിശീലന ഗ്രൗണ്ടുകളില്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിക്കുന്ന ജോലികള്‍ ഒഴിച്ചാല്‍ പ്രധാന സ്റ്റേഡിയത്തിലും പരിശീലന ഗ്രൗണ്ടുകളിലും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലം പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി രൂപീകരണത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഈ ജോലികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പുല്‍ത്തകിടിയുടെ നിര്‍മാണം, ഡ്രൈനേജ്, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പ്ലംബിങ്, കോംപറ്റീഷന്‍ ഏരിയ നവീകരണം, എയര്‍കണ്ടീഷന്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതീകരണ ജോലികള്‍, അഗ്നിശമന സംവിധാനം, ഗാലറികളില്‍ കസേര സ്ഥാപിക്കല്‍ തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയാക്കി. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ 12.44 കോടി രൂപ വീതമാണ് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി നല്‍കിയത്. ജിസിഡിഎക്കായിരുന്നു നിര്‍മാണ ചുമതല. പരിശീലന വേദികളില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ 2.94 കോടി രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി. പുല്‍ത്തകിടി, താരങ്ങള്‍ക്കുള്ള വിശ്രമമുറി, ഫഌഡ്‌ലൈറ്റ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലും ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലും പുല്‍ത്തകിടിയുടെയും താരങ്ങള്‍ക്കുള്ള വിശ്രമുറികളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും ഫഌഡ്‌ലൈറ്റ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുല്‍ത്തകിടി വച്ചുപിടിക്കുന്ന ജോലികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പൈതൃക മേഖല ആയതിനാല്‍ ഇവിടെ സ്ഥിര നിര്‍മാണങ്ങള്‍ക്ക് തടസ്സമുണ്ട്. അതിനാല്‍ താല്‍ക്കാലിക വിശ്രമമുറികളും ഫഌഡ്‌ലൈറ്റ് സംവിധാനങ്ങളും സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it