Flash News

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് : ടിക്കറ്റ് വില്‍പനയില്‍ മുന്നേറ്റം



കൊച്ചി: ഇന്ത്യ ആദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പനയില്‍ കൊച്ചി ഏറെ മുന്നില്‍. ചാംപ്യന്‍ഷിപ്പിന്റെ കേരളത്തിലെ ഏക മല്‍സരവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം ബോക്‌സ് ഓഫിസ് തുറന്നു രണ്ടു ദിവസത്തിനിടെയാണ് ടിക്കറ്റ് വില്‍പനയില്‍ കൊച്ചി മുന്നേറ്റം നടത്തിയിരിക്കുന്നത്. ഒക്ടോബര്‍ 10ന് നടക്കുന്ന സ്‌പെയിന്‍-നൈജര്‍, ഉത്തര കൊറിയ-ബ്രസീല്‍ മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. 13ന് ഗ്വിനിയ-ജര്‍മനി, സ്‌പെയിന്‍-ഉത്തര കൊറിയ മല്‍സരങ്ങള്‍ക്കുള്ള 60 രൂപ ടിക്കറ്റുകളില്‍ രണ്ട് എന്‍ട്രികളിലേക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ തീര്‍ന്നു. ഇനി രണ്ട് എന്‍ട്രികളിലേക്കുള്ള 60 രൂപ ടിക്കറ്റുകളും 150, 300 രൂപ ടിക്കറ്റുകളുമാണ് ബാക്കിയുള്ളത്. 18ന് പ്രീ-ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണ്. 22ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയതായാണ് വിവരം. ഈ മാസം ഏഴിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍, ഉത്തര കൊറിയ-നൈജര്‍ മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ ഒരു മാസം മുമ്പേ വിറ്റുതീര്‍ത്തിരുന്നു. ഫിഫയുടെ മാനദണ്ഡപ്രകാരം ബക്കറ്റ് സീറ്റുകള്‍ ക്രമീകരിച്ച സ്റ്റേഡിയത്തില്‍ 41,700 പേര്‍ക്ക് കളി കാണാം. ടിക്കറ്റുമായി എത്തുന്നവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കുക. ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഡിയം കോംപ്ലക്‌സിലെ മുഴുവന്‍ സ്ഥാപനങ്ങളെയും ഒഴിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it