ernakulam local

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : കാണികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍



കൊച്ചി: സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ഉച്ചതിരിഞ്ഞ് 3 ന് ആരംഭിക്കും. ടിക്കറ്റുകള്ളവര്‍ക്കു മാത്രമേ സ്റ്റേഡിയം സര്‍ക്കിള്‍ റോഡിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. മല്‍സരം കാണാനായി ബാനര്‍ജി റോഡിലൂടെ വാഹനത്തിലെത്തുന്ന കാണികള്‍ വാഹനം സെന്റ് ആല്‍ബര്‍ട്‌സ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തശേഷം ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നിലൂടെ സ്റ്റേഡിയത്തില്‍ പ്രവേശിച്ച് സെക്യൂരിറ്റി ചെക്ക് പൂര്‍ത്തിയാക്കി സ്റ്റേഡിയം റൗണ്ടില്‍ പ്രവേശിച്ച് അവരവരുടെ കൈവശമുള്ള ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള ഗേറ്റിലെത്തി ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം അതാത് ഗേറ്റിലൂടെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. മെട്രോയിലും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും എത്തുന്നയാളുകള്‍ക്കും ബിസ്മിയുടെ മുന്നിലൂടെ മേല്‍പ്രകാരം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. കാരണക്കോടം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സ്‌റ്റേഡിയത്തിന് പിന്‍ഭാഗത്തുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ശേഷം നടന്ന് വന്ന് സെക്യൂരിറ്റി ചെക്ക് പൂര്‍ത്തിയാക്കി സ്റ്റേഡിയം റൗണ്ടില്‍ പ്രവേശിച്ച് അവരവരുടെ കൈവശമുള്ള ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള ഗേറ്റിലെത്തി ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം അതാത് ഗേറ്റിലൂടെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. ഈ റോഡിലൂടെ കളിക്കാരുടെ വാഹനങ്ങളല്ലാതെ മറ്റൊരു വാഹനങ്ങള്‍ക്കും സ്‌റ്റേഡിയം റിങ് റോഡിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. സ്റ്റേഡിയത്തിനകത്ത് സെക്യൂരിറ്റി ചെക്കിങ് ഏരിയയ്ക്ക് ഉള്ളിലേക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍, കുട്ടികളുടെ ഫീഡിങ് ബോട്ടിലുകള്‍ പോലുള്ള സാധനങ്ങള്‍, പഴ്‌സുകള്‍, സ്ത്രീകളുടെ ചെറിയ വാനിറ്റി ബാഗുകള്‍ എന്നിവ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. മറ്റുള്ള കുപ്പിവെള്ളം, ഫുട്പാക്കറ്റുകള്‍, കമ്പ്, നാസിക് ഡോല്‍, ഹെല്‍മറ്റ്, ബാഗുകള്‍ എന്നിവ സ്‌റ്റേഡിയത്തിനകത്തേക്ക് യാതൊരു കാരണവശാലും പ്രവേശിപ്പിക്കുന്നതല്ല. ഇത്തരം സാമഗ്രികളെല്ലാം അവരവരുടെ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. കുടിക്കുവാനുള്ള വെള്ളം, ഭക്ഷണം മുതലായവ സ്റ്റേഡിയത്തിനകത്ത് വാങ്ങാന്‍ ലഭിക്കുന്നതാണ്. ഒരിക്കല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് മല്‍സരങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ് പുറത്തേക്കു പോകുവാന്‍ സാധിക്കുമെങ്കിലും തിരികെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഫിഫ വി ഐപി, കൊച്ചി വി ഐപി എന്നീ കാര്‍ സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ക്ക് ബാനര്‍ജി റോഡുവഴി മാത്രമേ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുള്ളൂ. മറ്റു യാതൊരു വാഹനങ്ങള്‍ക്കും ബാനര്‍ജി റോഡില്‍ നിന്നും സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഫിഫ വിഐപി, കൊച്ചി വിഐപി എന്നീ കാര്‍ സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ക്ക് കാണികളുമായി സ്റ്റേഡിയത്തിനുള്ളിലെത്തി ട്രയാംഗിള്‍ ഏരിയ ചുറ്റി ആളുകളെ ഇറക്കി അനുവദിച്ചിട്ടുള്ള പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. മീഡിയ അക്രഡിറ്റേഷന്‍ പാസുകള്‍ കൈവശമുള്ളവര്‍ക്കും മീഡിയാ കാര്‍ പാസുള്ളവര്‍ക്കും ഹോട്ടല്‍ ലാന്‍മാര്‍ക്കിന് സമീപമുള്ള വിഐപി റോഡിലൂടെ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഈ റോഡ് വഴി മറ്റു യാതൊരു വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗവും സ്റ്റേഡിയം സര്‍ക്കിളും സമീപ റോഡുകളുമെല്ലാം തല്‍സമയ സിസിടിവി നിരീക്ഷണത്തിലാണ്.  ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പോലിസ് ഏര്‍പെടുത്തുന്ന നോപാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനമുപയോഗിച്ച് മാറ്റുന്നതാണ്.
Next Story

RELATED STORIES

Share it