Flash News

ഫിഫ അണ്ടര്‍ 17ലോകകപ്പ് : ദീപശിഖയും ബോള്‍റണ്ണും ഇന്നു തുടങ്ങും



കാസര്‍കോട്/കോഴിക്കോട്: ഫിഫ അണ്ടര്‍ 17ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്‍. ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം നടത്തിയ വണ്‍ മില്ല്യന്‍ ഗോള്‍ വന്‍ വിജയമായി. 10ലക്ഷം ഗോളടി ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ സംസ്ഥാനത്താകെ 17,93,818 ഗോളുകളാണ് പിറന്നതെന്ന് ടി പി ദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ഗോളടിച്ച് കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 3,36,746 ഗോളുകളാണ് കോഴിക്കോട്ട് അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്ത് മലപ്പുറവും തൊട്ടുപിറകില്‍ കണ്ണൂരും സ്ഥാനമുറപ്പിച്ചു. ഫറോക്കാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മുനിസിപ്പാലിറ്റി. പഞ്ചായത്ത് തലത്തില്‍ കാസര്‍കോട് ജില്ലയിലെ ചെങ്കള മികച്ചുനിന്നപ്പോള്‍ സ്‌കൂളുകളില്‍ ജില്ലയിലെതന്നെ നായന്‍മാര്‍ മൂല സ്‌കൂളാണ് മികവ് പുലര്‍ത്തിയത്. ഏറ്റവും കൂടുതല്‍ തവണ ഗോള്‍ വല കിലുക്കിയ സെന്റര്‍ കോഴിക്കോട് ജില്ലയിലെ ബീച്ചും കോളജ് ജില്ലയിലെതന്നെ വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളജുമാണ്. ലോകകപ്പിന്റെ മുന്നോടിയായിട്ടുള്ള ദീപ ശിഖാ പ്രയാണവും ബോള്‍റണ്ണും ഇന്ന് ആരംഭിക്കും. കാസര്‍കോട് നിന്നാരംഭിക്കുന്ന ദീപ ശിഖാ പ്രയാണത്തിന് ഐ എം വിജയന്‍ നേതൃത്വം നല്‍കും. പാറശ്ശാലയില്‍ നിന്നു തുടങ്ങുന്ന ബോള്‍ റണ്ണിനു വി പി ഷാജിയാണ് നേതൃത്വം നല്‍കുക. ദീപ ശിഖാ പ്രയാണത്തിന് ഇന്ന് വൈകീട്ട് അഞ്ചിന് കണ്ണൂരിലും നാളെ വൈകീട്ട് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറയിലും സ്വീകരണം നല്‍കും.  ബോള്‍ റണ്ണിന് ഇന്ന് വൈകീട്ട് കൊല്ലത്തും നാളെ വൈകീട്ട് കോട്ടയത്തും അഞ്ചിന് വൈകീട്ട് മൂവാറ്റുപുഴയിലും സ്വീകരണം നല്‍കും. ആറിന് കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിലാണ് പരിപാടി അവസാനിക്കുന്നത്. ഇവിടെവച്ച് ദീപശിഖയും ബോളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി ഗ്രൗണ്ടില്‍ സ്ഥാപിക്കും.  എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പഴയകാല കായികതാരങ്ങളും സ്‌പോര്‍ട്‌സ് പ്രേമികളും പങ്കെടുക്കുമെന്ന് ടി പി ദാസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it