Pravasi

ഫിഫയുമായി ഖത്തര്‍ എയര്‍വെയ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് കരാറിലെത്തി



ദോഹ: ലോക ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുമായി ഖത്തര്‍ എയര്‍വെയ്‌സ് ദീര്‍ഘ കാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടു. ഖത്തറില്‍  ലോകകപ്പ് നടക്കുന്ന 2022വരെയുള്ള ഫിഫയുടെ ചാംപ്യന്‍ഷിപ്പുകളുടെയും പരിപാടികളുടെയും ഔദ്യോഗിക പങ്കാളിയും എയര്‍ലൈനും ആയാണ് ഖത്തര്‍ എയര്‍വെയ്‌സ് കരാറില്‍ ഒപ്പു വെച്ചത്. 2017ലെ ഫിഫ കോണ്‍ഫഡറേഷന്‍സ് കപ്പ്, 2018 റഷ്യ ഫിഫ ലോകകപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ്കപ്പ്, ഫിഫ വിമന്‍സ് ലോക കപ്പ്,  2022 ഖത്തര്‍ ഫിഫ ലോകകപ്പ് എന്നീ സുപ്രധാന ചാംപ്യന്‍ഷിപ്പുകളുടെ ഔദ്യോഗിക പങ്കാളിയും വിമാനവും  ഖത്തര്‍ എയര്‍വെയ്‌സായിരിക്കും. സ്‌പോണ്‍സര്‍ഷിപ്പ് രംഗത്ത് ഖത്തര്‍ എയര്‍വെയ്‌സിന്റെ എറ്റവും വലിയ സഹകരണമാണ് ഫിഫയുമായുള്ളത്. അടുത്ത രണ്ടു ഫിഫ ലോകകപ്പുകളുടെയും മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ് അവകാശങ്ങള്‍ ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍ ഖത്തര്‍ എയര്‍വെയ്‌സിന് സ്വന്തമായിരിക്കും. ഒരു ടൂര്‍ണമെന്റില്‍ 200 കോടി ജനങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സിന് പ്രചാരം ലഭിക്കുക. ഫിഫയുടെ മറ്റു പ്രധാന ടൂര്‍ണമെന്റുകളായ ഫിഫ അണ്ടര്‍ 20 ലോകകപ്പ്, ഫിഫ ഫുട്‌സാല്‍ ലോകകപ്പ്, ഫിഫ ഇന്ററാക്ടീവ് ലോകകപ്പ്, ഓണ്‍ലൈന്‍ ഗെയിമിങ് ടൂര്‍ണമെന്റ് എന്നിവയിലും ഖത്തര്‍ എയര്‍വെയ്‌സിന്റെ പങ്കാളിത്തമുണ്ടാകും. നിരവധി ലോകോത്തര കായിക ചാംപ്യന്‍ഷിപ്പുകളുടെയും കായിക ക്ലബ്ബുകളുടെയും ഔദ്യോഗിക സ്‌പോണ്‍സറും എയര്‍ലൈന്‍ പങ്കാളിയുമാണ് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കായിക ചംപ്യന്‍ഷിപ്പുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് സഹകരിക്കുന്നുണ്ട്്. എഫ്‌സി ബാഴ്‌സലോണ, അല്‍അഹ്‌ലി സഈദി എഫ്‌സി തുടങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. ഖത്തര്‍ എക്‌സണ്‍ മൊബീല്‍ ടെന്നീസ്, ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടെന്നീസ് തുടങ്ങി നിരവധി കായിക മല്‍സരങ്ങളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പുമുണ്ട്. ദോഹയില്‍ നടന്ന യു സി ഐ റോഡ് വേള്‍ഡ് ചാംപ്യന്‍ഷിപ്പിന്റെയും പങ്കാളിയായിരുന്നു. പാരീസിലും ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ നടക്കുന്ന ഫോര്‍മുല ഇ പ്രിക്‌സുകളുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായി കഴിഞ്ഞദിവസം ഖത്തര്‍എയര്‍വെയ്‌സിനെ പ്രഖ്യാപിച്ചിരുന്നു. ഇലക്‌ട്രോണിക് കാറുകളുപയോഗിച്ചുള്ള സ്ട്രീറ്റ് റേസിംഗ് സീരിസാണ് ഫോര്‍മുല ഇ. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ചടങ്ങിലാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it