World

ഫാഷിസ്റ്റ് വിരുദ്ധ സ്‌കാര്‍ഫ് ധരിച്ച സിനിമാതാരത്തെ വെനീസ് ചലച്ചിത്രമേളയില്‍ തടഞ്ഞു

റോം: വെനീസ് ചലച്ചിത്രമേളയില്‍ സ്‌കാര്‍ഫ് ധരിച്ചെത്തിയ പ്രശസ്ത ഇറ്റാലിയന്‍ നാടക അഭിനേത്രിയും സിനിമാതാരവുമായ ഒട്ടാവിയ പിക്കോളോയെ പോലിസ് തടഞ്ഞു. കഴുത്തിലെ സ്‌കാര്‍ഫ് ഫാഷിസത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആന്‍പി സംഘടനയുമായി ബന്ധപ്പെട്ടതാണെന്നാണു പോലിസ് പറയുന്നത്.
ആന്‍പിക്കെതിരേ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നതായും റിപോര്‍ട്ട് ഉണ്ട്. ചലച്ചിത്രമേളയുടെ സമാപനദിനത്തില്‍ പങ്കെടുക്കാനായി എത്തിയ ഒട്ടാവിയ പിക്കോളോയെ വെനീസ് ലിഡോയിലെ ചുവന്ന പരവതാനിക്കു സമീപമാണു തടഞ്ഞത്. പിക്കോളോയുടെ ബാഗുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയാണ് ചലച്ചിത്രമേളയ്ക്ക് എത്തിയതെന്നു പിക്കോളോ പറയുന്നു.
ഇറ്റലിയുടെ ദേശീയപതാകയെ പ്രതിനിധീകരിക്കുന്ന മൂന്നു നിറത്തിലുള്ള സ്‌കാര്‍ഫാണ് ധരിച്ചിരുന്നത്. വിവേകശൂന്യമായ നടപടിയെന്നാണു പിക്കോളോ പോലിസ് നടപടിയെക്കുറിച്ചു പ്രതികരിച്ചത്. നിയമവിരുദ്ധമായി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രകടനക്കാരെ തടയുക മാത്രമാണു ചെയ്തതെന്നു പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സ്‌കാര്‍ഫിനെതിരേയോ, ആന്‍പിക്കെതിരേയോ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നു സാല്‍വിനിയോട് പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സാല്‍വിനു പ്രതിപക്ഷ ആവശ്യത്തോടു പ്രതികരിച്ചിട്ടില്ല. 1970ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച വ്യക്തിയാണു പിക്കോളോ. ബെനിറ്റോ മുസോളിനിക്കെതിരായി 1945ലാണ് ആന്‍പി സംഘടന രൂപീകരിച്ചത്.

Next Story

RELATED STORIES

Share it