Flash News

ഫാഷിസ്റ്റുകള്‍ ഭാഷപോലും അവര്‍ക്ക്അനുകൂലമാക്കുന്നു: പി കെ പാറക്കടവ്‌

കോഴിക്കോട്: ക്രൂരതകള്‍ ന്യായീകരിക്കാന്‍ ഫാഷിസ്റ്റുകള്‍ ഭാഷപോലും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണെന്ന് പ്രമുഖ കഥാകൃത്ത് പി കെ പാറക്കടവ്. ഫാഷിസ്റ്റുകള്‍ വാക്കുകളെ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലാന്‍ കൊണ്ടുപോവുന്ന ജൂതന്മാരെ കുളിമുറിയിലേക്ക്  കൊണ്ടുപോവുകയാണെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലും സമാനമായ രീതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേജസ് പബ്ലിക്കേഷന്‍സ്  പ്രസിദ്ധീകരിച്ച അബ്ദുല്‍ അലി കളത്തിങ്ങലിന്റെ ചില നിസ്വാര്‍ഥ രഹസ്യങ്ങള്‍ കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി എഴുതാനും ചിന്തിക്കാനും പറ്റാത്ത സാഹചര്യമാണു നിലവിലുള്ളത്. ക്രൂരതകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ലോകത്തിനു മുന്നില്‍ നല്ല മുഖം കാണിക്കാന്‍ പരസ്യങ്ങളിലൂടെ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 3,755 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി എ എം ഹനീഫ് പുസ്തകം ഏറ്റുവാങ്ങി. ഡോ. അഷ്‌റഫ് കല്‍പ്പറ്റ രചിച്ച ജീവ ജാലങ്ങളിലെ ദൈവിക സാക്ഷ്യങ്ങള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ അറബിക് വകുപ്പ് അധ്യക്ഷന്‍  ഡോ. എ ഐ റഹ്മത്തുല്ല, എഴുത്തുകാരന്‍ വി മുഹമ്മദ് കോയക്ക് നല്‍കി പ്രകാശനം ചെയ്തു. ആറ്റക്കോയ തങ്ങള്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. മികച്ച ലേ ഔട്ടിനുള്ള തെരുവത്ത് രാമന്‍ പുരസ്‌കാരം നേടിയ ജലീല്‍ വടക്കത്ര, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച കവറേജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹരായ തേജസ് ടീം അംഗങ്ങളായ എം എം സലാം,  ഉബൈദ് മഞ്ചേരി, വിഷ്ണു പ്രസാദ്, സി എസ് അരുണ്‍ എന്നിവരെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പുരസ്‌കാരങ്ങളും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി ലത്തീഫ്, സംസ്ഥാനസമിതി അംഗങ്ങളായ സി എ റഊഫ്, എം വി റഷീദ്,തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, എഡിറ്റര്‍ കെ എച്ച് നാസര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം കെ അഷ്‌റഫ്, ഡയരക്ടര്‍ അഷ്‌റഫ് തിരൂര്‍, ഡിജിഎം നൗഷാദ് തിരുനാവായ, പീരിയോഡിക്കല്‍സ് മാനേജര്‍ വി എ മജീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it